ദില്ലി: മുന്‍ ആര്‍ ബി ഐ ഗവര്‍ണ്ണറായ രഘുറാം രാജന്‍റെ പുസ്തകം 'ഐ ഡു വാട്ട് ഐ ഡു' മുംബൈയില്‍ പ്രകാശനം ചെയ്തു. ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നേരിട്ട അനുഭവങ്ങളും പ്രഭാഷണങ്ങളുമാണ് പുസ്തകത്തില്‍. ആര്‍ ബി ഐ ഗവര്‍ണ്ണര്‍ സ്ഥാനത്തിന് ശേഷം നിലവില്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ആദ്ധ്യാപകനാണ് രഘുറാം രാജന്‍. നോട്ട് നിരോധനത്തില്‍ ബന്ധപ്പെട്ടവരെ തന്‍റെ വിയോജിപ്പിച്ച് അറിയിച്ചിരുന്നെന്നും മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിന് ആര്‍ ബി ഐയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നില്ലെന്നും ചടങ്ങില്‍ രഘുറാം രാജന്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ മോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നില്ലെന്നാണ് രഘുറാം രാജന്‍ ആവര്‍ത്തിച്ച് പറയുന്നത്. മുന്നരുക്കങ്ങളൊന്നുമില്ലാതെയുള്ള പെട്ടന്നുള്ള തീരുമാനം സാമ്പത്തിക രംഗത്ത് തിരിച്ചടിയുണ്ടാക്കി. കുറഞ്ഞ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെയായി. നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയതായുള്ള റിസര്‍വ്വ് ബാങ്ക് വെളുപ്പെടുത്തല്‍ സൂചിപ്പിക്കുന്നത് കള്ളപ്പണം കൈവശം വെച്ചവര്‍ക്ക് പണം നിയമവിധേയമാക്കാനും അതിന് പലിശലഭിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു എന്നാണെന്നും രഘുറാം രാജന്‍ പറഞ്ഞു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തിന് ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള പരിരക്ഷയും നിര്‍വ്വചനവും ആവശ്യമാണെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തിന് ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള പരിരക്ഷയും നിര്‍വ്വചനവും ആവശ്യമാണെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു. ആർബിഐ എന്താണെന്ന് പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനാണ് തന്റെ ഈ പുസ്തകമെന്നും ഈ രംഗത്തേക്ക് വരുന്നവർക്ക് പ്രചോദനം ആകാനായാണ് എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി..
