വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡാന്‍ ബോണ്‍ഗിനോ. ഭീകരാക്രമണത്തില്‍നിന്നും ട്രംപിനെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിന് കഴിയില്ലെന്നും മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ബോണ്‍ഗിനോ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞയാഴ്ച ഒരാള്‍ വൈറ്റ് ഹൗസില്‍ അതിക്രമിച്ചു കയറി 15 മിനിറ്റോളം അതീവ സുരക്ഷാ മേഖലയില്‍ ചിലവഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബോണ്‍ഗിനോയുടെ മുന്നറിയിപ്പ്. വൈറ്റ് ഹൗസില്‍ ഒരു യുവാവ് അതിക്രമിച്ച് കടന്നത് അറിയാന്‍ കഴിയാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 40 ഓളം ഭീകരര്‍ കടന്നുകയറുന്നത് തടയാന്‍ കഴിയുമോയെന്നും ബോണ്‍ഗിനോ സംശയം പ്രകടിപ്പിച്ചു.

വൈറ്റ്ഹൗസിലെ സുരക്ഷാവീഴ്ച മുതലെടുക്കാന്‍ ഭീകരര്‍ തക്കംപാര്‍ത്തിരിക്കുകയാണെന്ന കാര്യം ഉറപ്പാണെന്നും ബറാക് ഒബാമ, ജോര്‍ജ് ബുഷ് തുടങ്ങിയ മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു ഡാന്‍ ബോണ്‍ഗിനോ ചൂണ്ടിക്കാട്ടുന്നു.