Asianet News MalayalamAsianet News Malayalam

13 മക്കളെ തടവിലിട്ടു; മാതാപിതാക്കളുടെ ന്യായീകരണം ഇങ്ങനെ

Found shackled and emaciated  children of torture suspects are freed
Author
First Published Jan 17, 2018, 2:05 PM IST

പാരീസ്: രണ്ട് വയസ് മുതൽ 29 വയസ് വരെയുള്ള തങ്ങളുടെ 13 മക്കളെ ബെഡിനോട് ചേർത്ത് ചങ്ങലക്കിട്ടും പട്ടിണിക്കിട്ടും വളർത്തിയതിന് അറസ്റ്റിലായ കാലിഫോർണിയയിലെ പാരീസിലുള്ള ദമ്പതികൾ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമാക്കി. കുഞ്ഞുങ്ങളെ ഉണ്ടാക്കാനും പട്ടിണിക്കിടാനും ദൈവം തങ്ങളോട് പറഞ്ഞുവെന്നാണ് അവർ പോലീസിനോട് പറയുന്നത്. യേശു പറഞ്ഞിട്ടാണ് തങ്ങൾ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് ഡേവിഡ് അല്ലെൻ ടുർപിനും (57) ഭാര്യ ലൂസി അന്ന ടുർപിനും (49) ന്യായീകരിച്ചിരിക്കുന്നത്. 

ഇത്തരത്തിൽ ബന്ധനത്തിലായിരുന്ന മക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന പതിനേഴുകാരി രക്ഷപ്പെടുകയും സൂത്രത്തിൽ പൊലീസിനെ വിളിച്ച് വിവരങ്ങളെല്ലാം അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് മറ്റുള്ളവർക്കും മോചനത്തിന് വഴിയൊരുങ്ങിയിരുന്നത്. ഫോൺ മോഷ്ടിച്ചിട്ടാണ് ഈ പെൺകുട്ടി പൊലീസിനെ വിളിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുട്ടികളെ ഇവരുടെ വീട്ടിൽ നിന്നും പൊലീസ് മോചിപ്പിക്കുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. വെളിച്ചമില്ലാത്തതും ദുർഗന്ധം വമിക്കുന്നതുമായ മുറിയിലായിരുന്നു ഈ 13 പേരെയും പൂട്ടിയിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

കുട്ടികളെ പീഡിപ്പിച്ചുവെന്നതും അപകടത്തിലാക്കിയെന്നതുമായ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഈ ദമ്പതികൾക്ക് അഞ്ച് ലക്ഷത്തോളം ഡോളർ കടബാധ്യതയുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒരു ഡിഫെൻസ് കോൺട്രാക്ടർ എന്ന നിലയിൽ ഡേവിഡിന് വർഷം തോറും 140,000 ഡോളർ വരുമാനമുണ്ട്. ഭാര്യ വീട്ടിൽ തന്നെ കഴിയുകയുമായിരുന്നു.

13 കുട്ടികൾ ഈ വീട്ടിൽ കഴിഞ്ഞിരുന്നുവെന്ന് പോലും തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ചില അയൽക്കാർ പ്രതികരിച്ചിരിക്കുന്നത്. അവരുടെ ശബ്ദം പോലും പുറത്ത് കേൾക്കാൻ പറ്റാത്ത വിധത്തിലായിരുന്നു ഈ മാതാപിതാക്കൾ അവരെ അടച്ച് പൂട്ടി വളർത്തിയിരുന്നത്. 

എന്നാൽ കുട്ടികളെ തങ്ങൾ കണ്ടിരുന്നുവെന്നും അവർ വിളർച്ച ബാധിച്ച് രക്തമില്ലാതെ വളരെ പൈശാചികമായ അവസ്ഥയിലായിരുന്നുവെന്നാണ് മറ്റ് ചില അയൽക്കാർ വെളിപ്പെടുത്തുന്നത്.തടവിലായ മക്കളുടെ ഓരോരുത്തരുടെയും പ്രായം കൃത്യമായി കണക്കാക്കാനായിട്ടില്ലെന്നും ഇവരിൽ ഏഴ് പേർക്ക് 18 വയസിന് മേലായിരുന്നു പ്രായമെങ്കിലും ആറ് പേർ കുട്ടികളാണെന്നും പൊലീസ് പൊതുവെ വിലയിരുത്തുന്നു.

ഇവർ എത്രകാലമായി തടവിലാക്കപ്പെട്ടിട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് റിവർ സൈഡ് കൗണ്ടി ഷെറീഫിന്റെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ കുട്ടികളെ തടവിൽ നിന്നും മോചിപ്പിച്ച് ഉടൻ ആശുപത്രിയിലാക്കിയിരുന്നു. 

ഇവർക്ക് വേണ്ടത്ര ഭക്ഷണം നൽകാത്തതിനാൽ എല്ലാവരും പട്ടിണിക്കോലങ്ങളായിത്തീർന്നിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരുടെ വീട്ടിലേക്ക് പെറിസ് സ്റ്റേഷൻ ഡിറ്റെക്ടീവുകളെ അയച്ചിട്ടുണ്ട്.ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസും അഡൽറ്റ് പ്രൊട്ടക്ടീവ് സർവീസസും ഇവരെ സഹായിക്കാനെത്തിയിട്ടുമുണ്ട്.
ഡേവിഡിന്റെയും ലൂസിയുടെയും ഫേസ്‌ബുക്ക് പേജ് നോക്കിയാൽ യാഥാർത്ഥ്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്. 2011,2013, 2015 എന്നീ വർഷങ്ങളിൽ ലാസ് വേഗസ്സിൽ വച്ച് നടന്ന മാര്യേജ് റിന്യൂവൽ സെറിമണികളിൽ ഇവർ പങ്കെടുത്തതിന്റെ മനോഹരമായ ചിത്രങ്ങൾ ഇതിൽ കാണാം. 

ഇതിൽ മക്കളെ നല്ല രീതിയിൽ വസ്ത്രം ധരിപ്പിച്ചാണിവർ പ്രദർശിപ്പിച്ചിരിക്കുന്നത്.ആഘോഷത്തിൽ മക്കളെല്ലാം വളരെ സന്തോഷത്തോടെ പങ്കെടുക്കുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും ഫൂട്ടേജുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തടവിലാക്കപ്പെട്ട സഹോദരങ്ങളിൽ പെട്ട 17കാരി ഒരു വിൻഡോ വഴി കയറിയാണ് മുറിയിൽ നിന്നും രക്ഷപ്പെട്ടിരുന്നത്.തുടർന്ന് വീട്ടിൽ നിന്നും പലായനം ചെയ്ത ഇവൾ ഒരു ഫോൺ മോഷ്ടിച്ചായിരുന്നു 911ൽ പൊലീസിനെ വിളിച്ചത്. 

സഹോദരങ്ങളുടെ അവസ്ഥ വിശദമാക്കുന്ന ഫോട്ടോകൾ പെൺകുട്ടി തങ്ങൾക്ക് കാട്ടിത്തന്നിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. പെൺകുട്ടിയുടെ സമയോചിതമായ പ്രവൃത്തിയെയും ധൈര്യത്തെയും പുകഴ്‌ത്തി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഈ 13 കുട്ടികളും പ്രസ്തുത ദമ്പതികളുടെ കുട്ടികൾ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയുംചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios