അവധിയിലുള്ള മുഴുവന്‍ പോലീസുകാരോടും തിരിച്ച് ജോലിയ്ക്ക് കയറാനും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. 

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തേക്കാണ് ജാഗ്രത നിര്‍ദ്ദേശം. വടക്കന്‍ കേരളത്തില്‍ ചില സംഘര്‍ഷങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം. അവധിയിലുള്ള പോലീസുകാര്‍ക്ക് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. വ്യാജ ഹര്‍ത്താലും ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും വടക്കന്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ദുരപയോഗം ചെയത് ക്രമസമാധാന പ്രതിസന്ധി സൃഷ്ടിക്കാന്‍ നീക്കമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിജിപിയുടെ ജാഗ്രതാ നിര്‍ദ്ദേശം.

കഴിഞ്ഞ തിങ്കളാഴ്ച കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വാട്‌സ്ആപ്പുകളിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിരുന്നു. അജ്ഞാത സന്ദേശം വ്യാപകമായി പ്രചരിക്കുകയും ഇതേ തുടര്‍ന്ന് കേരളത്തില്‍ പലഭാഗങ്ങളിലും തെരുവിലിറങ്ങിയ യുവാക്കള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തുരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഐജി ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുമായി ഡിജിപി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. വരാപ്പുഴ കസ്റ്റഡി മരണം ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുണ്ടായ ക്രമാസമാധന പ്രശ്‌നങ്ങള്‍ എന്നിവയുടെ പശ്ചാത്തലതിത്താണ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നത്. പോലീസ് ആസ്ഥാനതതു വെച്ച് യോഗം ചേരാനായിരുന്നു തീരുമാനം. എന്നാല്‍ മലബാറിന്റെ പല ഭാഗങ്ങളിലും ക്രമാസമാധാനം പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗ്സ്ഥര്‍ക്ക് ജില്ല വിട്ടു വാരന്‍ കഴിയാത്തതു കൊണ്ടാണ് യോഗം വീഡിയോ കോണ്‍ഫറന്‍സു വഴിയാക്കിയത്.