ദില്ലി: സൗഹൃദം അവസാനിപ്പിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പെണ്‍സുഹൃത്ത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്. ദില്ലിയിലെ ഗാസിയാബാദിലാണ് സംഭവം.

പരിക്കേറ്റ പെൺകുട്ടിയുടെ കൂടെ മുമ്പ് താമസിച്ചിരുന്ന യുവതിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിക്കൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും പിന്നീട് സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതിയെ പേടിച്ച് കുറച്ച് നാളുകളായി പെൺകുട്ടിയെ വീട്ടുകാരാണ് ഓഫീസിൽ കൊണ്ടുവിടുന്നത്. അക്രമം നടന്ന ദിവസവും പെൺകുട്ടിയുടെ അച്ഛനാണ് ഓട്ടോറിക്ഷയിൽ കയറ്റിവിട്ടത്. എന്നാൽ ഓട്ടോയിൽ കയറി കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് രണ്ട് യുവാക്കൾ ബൈക്കിൽ എത്തി ആസിഡ് അക്രമം നടത്തിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞു.

സൗഹൃദം അവസാനിപ്പിക്കുന്നതിന്റെ പേരിൽ പെൺകുട്ടിയെ ദിവസവും ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിനെ തുടർന്ന് മുമ്പ് രണ്ട് തവണ യുവതിക്കെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.