മറയൂര്‍: ഓട്ടോറിക്ഷയിൽ കടത്തിയിരുന്ന ചന്ദനവുമായി നാലു പേർ പിടിയിലായി. പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് മുറിച്ച ചന്ദനവുമായ് പ്രിയദർശിനി കോളനി സ്വദേശികളായ മറയൂർ പ്രിയദർശിനി കോളനിയിലെ മണി, സുരേഷ്, അമ്പതു വീടു കോളനിയിലെ രാജ വർഗ്ഗീസ് എന്നിവരാണ് പിടിയിലായത്. 

ചാക്കുകെട്ടുകളിലാക്കി ഓട്ടോറിക്ഷയുടെ പിൻഭാഗത്തൊളിപ്പിച്ച് ഇരുപത്തഞ്ചു കിലോ ചന്ദനമാണ് ഇവർ കടത്തിയിരുന്നത്. ഫോറസ്റ്റ് സ്റ്റേഷന്‍റെ പിൻഭാഗത്ത് നിന്ന ചന്ദനമരം മുറിച്ചതിന്‍റെ കാതലാണിതെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് വനപാലകർ നടത്തിയ വാഹന പരിശോധനയിലാണ് ചന്ദനവും പ്രതികളും പിടിയിലായത്. ചന്ദനം കടത്താനുപയോഗിച്ച ഓട്ടോ റിക്ഷയും വനപാലകർ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ രാജയും സുരേഷും മുമ്പും ചന്ദനകടത്ത് കേസിൽ പ്രതികളായിട്ടുണ്ട്.