വെള്ളിയാഴ്ച രാത്രി ഒന്നോടെ എടവണ്ണ വനം റേഞ്ച് ഓഫീസർ അബ്ദുൾ ലത്തീഫിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലായത്
നിലമ്പൂര്‍: പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ച നാലു പേരെ വനപാലകർ പിടികൂടി. അകമ്പടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പുത്തൻപുരക്കൽ രതീഷ്(30), എടവപ്പറമ്പില്‍ സതീഷ്(30), അന്പലക്കുന്ന് പ്രദീപ്(27), എളഞ്ചീരി അന്പാഴത്തൊടി ദിനേശ്(33) എന്നിവരാണ് പിടിയിലായത്. അകമ്പടം എരഞ്ഞിമങ്ങാട് വച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഒന്നോടെ എടവണ്ണ വനം റേഞ്ച് ഓഫീസർ അബ്ദുൾ ലത്തീഫിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലായത്. ഷെഡ്യൂൾ ഒന്നിൽ വരുന്ന ജീവിയാണ് പെരുമ്പാമ്പ്. ഒന്നു മുതൽ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
ഒരുകിലോ വേവിച്ചതും വറുത്തതുമായ ഇറച്ചിയാണ് സംഘത്തിൽ നിന്നു കണ്ടെടുത്തത്. ഇതോടൊപ്പം പാമ്പിന്റെ തലയും തൊലിയും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാന്പിനെയാണ് സംഘം കൊന്നത്.
