കൊച്ചി നഗരത്തിൽ നടക്കുന്ന ഡി.ജെ പാർട്ടിയിലേക്ക് ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച നാലംഗ സംഘം പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ഹാഷിം, ആരിഫ്, സുഹൈൻ, റാന്നി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ ബി.ബി.എ വിദ്യാർത്ഥികളായിരുന്ന ഇവർ സഹപാഠിയായിരുന്ന ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. കൊച്ചി തമ്മനത്തെ ലോഡ്ജിൽ താമസിച്ച് പല കേന്ദ്രങ്ങളിലേക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കച്ചവടത്തിനായി പോകവെയാണ് നാലംഗ സംഘം പൊലീസിന്റെ വലയിലായത്.