ഇടുക്കി: ചെറുതും വലുതുമായ 14 കുറുക്കൻ തോലുകളുമായി തമിഴ്നാട് സ്വദേശിയെ വനപാലകർ പിടികൂടി. തേനി ജില്ലയിലെ തെന്നൽ നഗർ സ്വദേശി വിജയകുമാർ ആണ് പിടിയിലായത്.
കേരള- തമിഴ് നാട് അതിർത്ഥിയിലെ പരിശോധനയ്ക്കിടെയാണ് തമിഴ്നാട് തേനി സ്വദേശി വിജയകുമാർ കുറുക്കൻ തോലുമായി പിടിയിലായത്. ഇരു സഞ്ചികളിലുമായി 14 കുറുക്കൻ തോലാണ് വിജയകുമാർ കൊണ്ടു വന്നത്. സംശയം തോന്നാതിരിക്കാൻ തോലുകൾക്കു മുകളിൽ പച്ചക്കറി നിറച്ചിരുന്നു. എന്നാൽ രഹസ്യ വിവരം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിജയകുമാർ കുടുങ്ങി. തോലുകൾ സഞ്ചിയിലാക്കി അതിർത്തിയിലെ തമിഴ്നാട് ബസ്സ്സ്റ്റാനറിൽ ഇറങ്ങയപ്പോഴാണ് ഇയാളെ പിടികൂടിയത്. തേക്കടി റേഞ്ച് ആഫീസർ എൻ പി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കുറുക്കന്റെ തലയും, പല്ലും തോലിനോടൊപ്പം ഉണ്ടായിരുന്നു. സ്റ്റഫ് ചെയ്ത് സൂക്ഷിക്കാൻ വേണ്ടിയാണ് തലയും പല്ലും കളയാതെ സൂക്ഷിച്ചിരുന്നത്. തമിഴ്നാട് വനമേഖലയിൽ നിന്നും കുരുക്ക് ഉപയോഗിച്ച് പിടിച്ച കുറുക്കന്മാരുടെ തോലാണിതെന്നാണ് വിജയകുമാർ വനപാലകരോടു പറഞ്ഞത്. ക്ഷുദ്ര കർമ്മങ്ങൾക്ക് വേണ്ടി തമിഴ്നാട്ടിൽ കുറുക്കൻറെ തല ഉപയോഗിക്കുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നുമാണിത് മനസ്സിലായത്. വനംവകുപ്പ് ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽ കുറുക്കന്മാരുടെ എണ്ണം കുറയുന്നതായുള്ള പഠന റിപ്പോർട്ട് കഴിഞ്ഞയിടെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം കടുവയുടെ തോലുമായി വന്ന തമിഴ്നാട് സ്വദേശികളെയും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് വൻ മൃഗവേട്ട നടക്കുന്നതിൻറെ ഉദാഹരണമാണിതെന്നാണ് വനപാലകർ കരുതുന്നത്.
