തിരുവനന്തപുരം: നെയ്യാറ്റിന്‍കര അയിരയില്‍ പള്ളിക്ക് മുന്നില്‍ വെച്ചിരുന്ന വികാരിയുടെ ബൈക്ക് കത്തിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള അയിര ഹോളി ക്രോസ് ദേവാലയ വികാരി ഫാ.ജോയിയുടെ ബൈക്ക് ആണ് കത്തിച്ചത്. പള്ളി മേടയ്ക്ക് മുന്നില്‍ വെച്ചിരുന്ന ബൈക്കിനെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 

തീപിടുത്തത്തില്‍ പള്ളി മേടയുടെ ഒരു ഭാഗവും കത്തി നശിച്ചു. രാവിലെ 5.30ന് പള്ളി മണി അടിക്കാന്‍ എത്തിയ കപ്പിയാരാണ് പുക ഉയര്‍ന്നിരുന്നത് കണ്ടത്. വാഹനം കത്തിക്കാന്‍ പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സിഗരറ്റ് ലൈറ്ററും സമീപത്ത് നിന്ന് പോലീസിനു ലഭിച്ചു. പൊഴിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.