ദില്ലി: യമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ ഏഴരയ്‌ക്ക് ദില്ലിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.

യമനിലെ ഐഎസ് തടങ്കലില്‍ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ രാവിലെ ഏഴരയ്‌ക്ക് ദില്ലിയിലെത്തും. വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. വിമാനത്താവളത്തില്‍ നിന്ന് ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തും.

പത്തരയ്‌ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും.ശേഷം വിദേശകാര്യമന്തി സുഷമാ സ്വരാജിന്റെ വസതിയിലെത്തില്‍. മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിക്കും.

വത്തിക്കാന്‍ എംബസിയില്‍ ഉച്ചഭക്ഷണം. വൈകീട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും. ദില്ലിയിലെ ഗോള്‍ഡക്കാന കത്തീഡ്രല്‍ ചര്‍ച്ചില്‍ പ്രത്യേക കുര്‍ബാന. രാത്രി ഓക്‌ലയിലെ ഡോണ്‍ ബോസ്കോയില്‍ അത്താഴം. 29ന് ഫാ ഉഴുന്നാലില്‍ ബാംഗ്ലൂരിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് തിരിക്കും. രണ്ടു ദിനം അവിടെ തങ്ങിയ ശേഷം ജന്മനാട്ടിലെത്തും.