ഗോള്‍മഴയില്‍ അര്‍ജന്‍റീനയെ മുക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

മോസ്‌കോ: ലോകകപ്പില്‍ ഗോള്‍മഴ കണ്ട മത്സരത്തില്‍ അര്‍ജന്‍റീനയെ പിഴുതെറിഞ്ഞ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. എംബാപ്പേയുടെ ഇരട്ട ഗോള്‍ കണ്ട മത്സരത്തില്‍ 4-3നായിരുന്നു ഫ്രാ‍ന്‍സിന്‍റെ ജയം. ഗ്രീസ്മാന്‍, പവാഡ് എന്നിവരുടെ വകയായിരുന്നു ഫ്രാന്‍സിന്‍റെ മറ്റ് ഗോളുകള്‍. അതേസമയം മരിയ, മെക്കാഡോ, അഗ്യൂറോ എന്നിവര്‍ അര്‍ജന്‍റീനക്കായി ഗോള്‍ മടക്കി. ഇതോടെ ലോകകപ്പ് എന്ന ലക്ഷ്യം ഒരിക്കല്‍ കൂടി മെസിക്ക് ബാക്കിയായി.

ആദ്യ പകുതി 
നേരത്തെ 41-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്‍റീനയുടെ മാലാഖയായപ്പോഴാണ് മെസിപ്പട ഫ്രാന്‍സിന് ഒപ്പമെത്തിയത്. 13-ാം മിനുറ്റില്‍ പെനാല്‍ട്ടി വലയിലെത്തിച്ച് ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചിരുന്നു. എംബാപ്പെയെ ബോക്‌സില്‍ റോജോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളായതോടെ തുടക്കം ഫ്രാന്‍സിന് പൂര്‍ണമായും അനുകൂലമായി.

മെസി- മെര്‍ക്കാഡോ
ആദ്യ പകുതിക്ക് പിന്നാലെ 48 ാം മിനുറ്റില്‍ ബോക്സിന് പുറത്ത് നിന്നുള്ള മെസിയുടെ ക്രോസ് മെര്‍ക്കാഡോയുടെ കാലില്‍ തട്ടി വലകുലുക്കിയതോടെ അര്‍ജന്‍റീന മുന്നിലെത്തി. ഗോള്‍ പോസ്റ്റിനെ ലക്ഷ്യമിട്ടുള്ള മെസിയുടെ തകര്‍പ്പനടി അര്‍ജന്‍റീന പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി ഫ്രാന്‍സിന്‍റെ വല തുളച്ചുകയറുകയായിരുന്നു. എന്നാല്‍ അര്‍ജന്‍റീനന്‍ ആരവത്തിന് ആധികം ആയുസുണ്ടായിരുന്നില്ല. 

പവാഡിന്‍റെ വോളി
57-ാം മിനുറ്റില്‍ പവാഡ് കാട്ടിയത് ഇതിഹാസ തുല്യമായ ഗോള്‍. ബോക്സിന് പുറത്തുനിന്ന് പവാഡ് തൊടുത്ത വോളി ഫ്രാന്‍സിന് സമനില സമ്മാനിച്ചു. മരിയയുടെ മാലാഖ ചിറകുകളുള്ള ഗോളിന് മൈതാനത്ത് മിന്നലില്‍പ്പിണറിലൂടെ പവാഡിന്‍റെ കിടിലന്‍ മറുപടി. എന്നാല്‍ മൈതാനത്ത് അതിവേഗവുമായി എംബാപ്പേ എന്ന 19കാരന്‍ മാന്തികനാവുന്നതാണ് പിന്നീട് കണ്ടത്.

ഇരട്ടച്ചങ്കന്‍ എംബാപ്പേ
അഞ്ച് മിനുറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളുമായി എംബാപ്പേ ഇതിഹാസകാവ്യം രചിച്ചു. മുന്നേറ്റത്തിന്‍റെ കരുത്ത് തെളിയിച്ച് 64, 68-ാം മിനുറ്റുകളില്‍ എംബാപ്പേ വലകുലുക്കിയതോടെ ഫ്രാന്‍സ് 4-2ന് മുന്നില്‍. പിന്നാലെ പരുക്കന്‍ കളിയുമായി അര്‍ജന്‍റീന മറുപടി നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ അഗ്യൂറോയുടെ ആശ്വാസ ഗോളില്‍ 4-3ന് പോരാട്ടം അവസാനിപ്പിച്ച് അര്‍ജന്‍റീന മടങ്ങി.