രാഹുലിനെ തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം

ദില്ലി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന ലോക്സഭയിലെ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഖണ്ഡിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. റാഫേല്‍ അഴിമതി കേസിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇത് കള്ളമാണെന്നും അത്തരമൊരു കരാറില്‍ ഇല്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നോട് വ്യക്തമാക്കിയതെന്നും രാഹുല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചാണ് ഫ്രാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ചില വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനുള്ള ഉടമ്പടി റഫാൽ ഇടപാടിനും ബാധകമെന്ന് അറിയിച്ച ഫ്രഞ്ച് വിദേശകാര്യ ഓഫീസ് 2008ലാണ് വ്യവസ്ഥ ഒപ്പുവച്ചതെന്ന് വ്യക്തമാക്കി.

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രസംഗത്തിന് ശേഷം ലോകസഭ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചു. പ്രസംഗത്തിന് ശേഷം മോദിയുടെ അടുത്തെത്തിയ രാഹുല്‍ മോദിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു വിസമ്മതിച്ച മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിയില്‍ അസ്വസ്ഥനായ മോദി രാഹുലിനെ തിരിച്ചുവിളിച്ച് കുശലം പറഞ്ഞു, ശേഷമാണ് രാഹുല്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.