പെരിസിച്ചിന്‍റെ ലോകോത്തര ഗോളില്‍ ക്രൊയേഷ്യ സമനില പിടിച്ചു

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ മാന്‍സുക്കിച്ചിന്‍റെ അബദ്ധത്തിന് പകരം വീട്ടി പെരിസിച്ച്. 18-ാം മിനുറ്റില്‍ മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിനെ സമനിലചങ്ങലയില്‍ തളച്ച് 28-ാം മിനുറ്റിലായിരുന്നു പെരിസിച്ചിന്‍റെ ഗോള്‍. മോഡ്രിച്ചിന്‍റെ ഫാര്‍ പോസ്റ്റില്‍ വന്ന ഫ്രീ കിക്ക് ബോക്സിലേക്ക് കുതിച്ചെത്തിയ മാന്‍സുക്കിച്ച് ഹെഡ് ചെയ്ത് ബോക്സിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ പന്ത് കാല്‍ക്കലാക്കിയ വിദ നല്‍കിയ സുന്ദരന്‍ പാസ് ലോകകപ്പ് ഫൈനലിലെ മികച്ച ഗോളുകളിലൊന്ന് എന്ന ചരിത്രം കുറിച്ച് പെരിസിച്ച് വലതുമൂലയിലേക്ക് തുളച്ചുകയറ്റുകയായിരുന്നു. 

നേരത്തെ സെമിയില്‍ ക്രൊയേഷ്യയുടെ വീരനായകനായ മാന്‍സുക്കിച്ച് ആദ്യ മിനുറ്റുകളില്‍ കണ്ണീരാവുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോളാണ് ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചത്. 18-ാം മിനുറ്റില്‍ ഗ്രീസ്മാന്‍ എടുത്ത കിക്ക് തട്ടിയകറ്റാന്‍ ശ്രമിച്ച ഉയരക്കാരന്‍ മാന്‍സുക്കിച്ചിന് പിഴച്ചു. ഗോള്‍കീപ്പര്‍ സുബാസിച്ചിനെ നിഷ്‌പ്രഭനാക്കി ഹെഡര്‍ വലയിലെത്തി.