ഫ്രാന്‍സും ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍

മോസ്കോ: പ്രതീക്ഷകള്‍ക്ക് മാറ്റമൊന്നും സംഭവിക്കാതിരുന്നപ്പോള്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍. അടുത്ത റൗണ്ടിലേക്ക് സമനില മാത്രം ആവശ്യമുണ്ടായിരുന്ന ഡെന്‍മാര്‍ക്കും അധികം വിയര്‍ക്കാതെ കടന്നു കൂടി. ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് മത്സരം സമനിലയാവുകയും പെറു ഓസ്ട്രേലിയയെ തോല്‍പ്പിച്ചതോടെയുമാണ് ഗ്രൂപ്പ് ചിത്രം വ്യക്തമായത്.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞ ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മിലുള്ള പോരാട്ടം ആകെ വിരസതയാണ് സമ്മാനിച്ചത്. മുന്നോട്ടുള്ള കുതിപ്പിന് സമനില മാത്രം ആവശ്യമുള്ള ഡെന്‍മാര്‍ക്കും ഒഴുക്കന്‍ മട്ടിലുള്ള കളി പുറത്തെടുത്തതോടെ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് ഡെന്‍മാര്‍ക്കിനെതിരെ ഫ്രഞ്ച് പട പോരിനിറങ്ങിയത്.

നായകനും ഗോള്‍കീപ്പറുമായ ലോറിസ്, ഉംറിറ്റി, പോള്‍ പോഗ്ബ, കെയ്‍ലിയന്‍ എംബാപെ എന്നിവരൊന്നുമില്ലാതെ ആദ്യപകുതിയില്‍ ഇറങ്ങിയ ഫ്രാന്‍സിനെ മെരുക്കാന്‍ പക്ഷേ ഡെന്മാര്‍ക്കിന് സാധിച്ചില്ല. ബോള്‍ പൊസിഷനില്‍ അടക്കം കൃത്യമായ മുന്‍തൂക്കം ഫ്രാന്‍സിനായിരുന്നു. കളിയില്‍ ഡെന്‍മാര്‍ക്കിന് മികച്ച ഒരു അവസരം ലഭിക്കുന്നത് 29-ാം മിനിറ്റിലാണ്.

ഡെലാനെയ്‍യുടെ മനോഹരമായ ത്രൂ ബോളിലേക്ക് എറിക്സണ്‍ ഓടിയെത്തിയെങ്കിലും ഫ്രഞ്ച് ഗോള്‍കീപ്പര്‍ മന്ദാന സന്ദര്‍ഭത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചതോടെ അപകടം ഒഴിവായി. ഇതോടെ അല്‍പം ഉണര്‍ന്ന് കളിച്ച ഫ്രാന്‍സ് ആക്രമണത്തിന്‍റെ മൂര്‍ച്ഛ കൂട്ടി. 33-ാം മിനിറ്റില്‍ ഡെംപാലെയുടെ പ്രതിരോധ വിടവിലൂടെയുള്ള ഷോട്ട് പുറത്തേക്ക് പോയതോടെ ഡെന്‍മാര്‍ക്ക് ഒന്ന് ആശ്വസിച്ചു.

ഡെംപാലയും ഗ്രീസ്മാനും ജുരൂദും ചേര്‍ന്ന് വീണ്ടും അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയിലും ഡെന്‍മാര്‍ക്കിന് മേലുള്ള ഫ്രഞ്ച് ആപ്രമാദിത്വമാണ് കളത്തില്‍ കണ്ടത്. 54-ാം മിനിറ്റില്‍ എറിക്സണിലൂടെ ഡെന്‍മാര്‍ക്ക് അവസരം ഒരുക്കിയെടുത്തെങ്കിലും വിഫലമായി. 68-ാം മിനിറ്റില്‍ ഗ്രീസ്മാന് പകരം ഫെക്കീര്‍ വന്നതോടെ ഫ്രഞ്ച് മുന്നേറ്റത്തിന് അല്‍പം കൂടുതല്‍ കരുത്ത് വന്നു.

82-ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പറിനെ വിറപ്പിച്ച ഫെക്കീറിന്‍റെ ഷോട്ട് പിറന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. അധിക സമയത്ത് പകരക്കാരനായി ഇറങ്ങിയ എംബാപെയിലൂടെയും ഫ്രഞ്ച് പടയുടെ ഗോള്‍ശ്രമങ്ങളുണ്ടായി. പക്ഷേ സമനിലയുടെ കെട്ട് പൊട്ടിക്കാതെ ഡെന്‍മാര്‍ക്ക് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോള്‍രഹിതമായി കളിയിലെ അവസാന വിസിലും മുഴങ്ങി.