ഇത് രണ്ടാം തവണയാണ് ജാമ്യ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ബിഷപ്പിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.  

കൊച്ചി:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിക്കും. ഇത് രണ്ടാം തവണയാണ് ജാമ്യ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ബിഷപ്പിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ മൊഴി എടുക്കാനിരിക്കേ ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ആദ്യതവണ ജാമ്യം നിഷേധിച്ചത്. കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്ത പശ്ചാത്തലത്തിലാണ് ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായെത്തിയത്. രഹസ്യ മൊഴിയെടുത്ത സാഹചര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നായിരുന്നു ബിഷപ്പിന്റെ വാദം.