വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തിലെ ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കാര്‍ഡ് ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

കാസര്‍ഗോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിദ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാല് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമകള്‍ അറിയാതെ മറ്റൊരു യന്ത്രത്തില്‍ കൂടി കാര്‍ഡ് ഉപയോഗിക്കുകയാണ് ആദ്യം ചെയ്യുക. പണം എടുക്കാതെ കാര്ഡിലെ വിവരങ്ങള്‍ മാത്രം ഇതുവഴി ചോര്‍ത്തും. പിന്നീട് ഈ വിവരങ്ങള്‍ പ്രതികളുടെകൈവശമുള്ള മറ്റൊരു കാര്‍ഡിലേക്ക് മാറ്റി വ്യാജ കാര്‍ഡുണ്ടാക്കും. ഇതുപയോഗിച്ച് സ്വര്‍ണം ഉള്‍പ്പെടെ വാങ്ങുകയാണ് രീതി. പെന്‍റ മേനകയിലെ ഒരു കടയില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഘത്തില്‍ മൂന്ന് പേര്‍ കൂടിയുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.