Asianet News MalayalamAsianet News Malayalam

തട്ടിപ്പ് കേസില്‍ പ്രതിയായ വൈദികന്‍ ഫാ. ജോസഫ് പാംബ്ലാനിയെ ചുമതലകളില്‍ നിന്ന് നീക്കി

ആദ്യകേസില്‍ വൈദികന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചുമതലകളില്‍ നിന്ന് വൈദികനെ താമരശേരി രൂപതാ അധികൃതര്‍ നീക്കിയിരിക്കുന്നത്. 

fraud case allegation priest  joseph pamplany
Author
Kozhikode, First Published Nov 18, 2018, 11:20 PM IST

കോഴിക്കോട്: തട്ടിപ്പ് കേസില്‍ പ്രതിയായ വൈദികന്‍ ഫാ.ജോസഫ് പാംബ്ലാനിയെ ചുമതലകളില്‍ നിന്ന് നീക്കി. താമരശേരി രൂപതയിലെ കാറ്റുള്ളമല സെന്‍റ് മേരീസ് ചര്‍ച്ച് വികാരി സ്ഥാനത്ത് നിന്നാണ് ഇദ്ദേഹത്തെ രൂപതാ അധികൃതര്‍ നീക്കിയിരിക്കുന്നത്.  ഫാ. ജോസഫ് പാംബ്ലാനിക്കെതിരെ രണ്ട് പോലീസ് കേസുകളാണ് നിലവിലുള്ളത്. രത്നക്കല്ല് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പുല്ലൂംരാംപാറ സ്വദേശിയായ എബ്രഹാം തോമസില്‍ നിന്ന് എഴുപത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതാണ് ഒന്നാമത്തേത്. 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് നെല്ലിപ്പോയില്‍ സ്വദേശിയായ മാളിയേക്കമണ്ണില്‍ സക്കറിയ നല്കിയ പരാതിയാണ് രണ്ടാമത്തേത്. 

ആദ്യകേസില്‍ വൈദികന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചുമതലകളില്‍ നിന്ന് വൈദികനെ താമരശേരി രൂപതാ അധികൃതര്‍ നീക്കിയിരിക്കുന്നത്. കോടഞ്ചേരി സെന്‍റ് മേരിസ് ഫെറോന പള്ളി അസിസ്റ്റന്‍റ് വികാരി ഫാ.ജെയ്സണ്‍ വിഴിക്കിപ്പാറയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇദ്ദേഹം ചുമതല ഏറ്റെടുത്തു.

എന്നാല്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഫാ.ജോസഫ് പാംബ്ലാനിക്ക് അവധി നല്‍കിയിരിക്കുകയാണെന്നാണ് താമരശേരി രൂപത വ്യക്തമാക്കുന്നത്. അന്വേഷണ നടപടികള്‍ അഭിമുഖീകരിക്കാനാണ് ശുശ്രൂഷകളില്‍ നിന്ന് അവധി നല്‍കിയിരിക്കുന്നതെന്നും രൂപത അധികൃതര്‍ വിശദീകരിക്കുന്നു. 

Follow Us:
Download App:
  • android
  • ios