ആലപ്പുഴ: കായംകുളം സ്വദേശികളായ ആറുപേരില്‍ നിന്ന് കാനഡയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തെങ്കാശി സ്വദേശി താജുദ്ദീന്‍ അബ്ദുള്‍ ഹമീദിനെതിരെ തട്ടിപ്പിനിരയാവര്‍ പോലീസല്‍ പരാതി നല്‍കി. പോലീസ് കൃത്യമായി കേസന്വേഷിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കാനഡയില്‍ ഹോട്ടലില്‍ ജോലി നല്‍കാമെന്ന പേരിലാണ് കായംകുളം സ്വദേശികളായ ആറുപേരില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം തെങ്കാശി സ്വദേശിയായ താജുദ്ദീന്‍ അബ്ദുള്‍ ഹമീദ് എന്നയാള്‍ വാങ്ങിയത്.
കഴിഞ്ഞ ജൂലായ് മുതല്‍ ഒരു വര്‍ഷത്തിനിടെ മൂന്ന് തവണയായാണ് രണ്ട് ലക്ഷം രൂപ കൈക്കലാക്കിയത്. പണം കൊടുത്ത് 20 ദിവസത്തിനകം കാനഡിയിലേക്കുള്ള വിസ ശരിയാകുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. തുടര്‍ച്ചയായി ഇവരെ പലതും പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു
ആദ്യം മാവേലിക്കര സിഐയ്ക്ക് പരാതി നല്‍കിയെങ്കിലും മൂന്നാഴ്ചയോളം പോലീസ് ഒന്നും ചെയ്തില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പിന്നീട് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് ചൂനാട് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിളിപ്പിക്കുന്നതും മൊഴിയെടുക്കുന്നതും. മൊഴിയെടുത്ത് രണ്ടാഴ്ചയിലേറെയായി.
ഇപ്പോഴും പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടുന്നില്ലെന്നും ഇവര്‍ പറയുന്നു. തെങ്കാശിയില്‍ കുടുംബത്തോടൊപ്പം പണം തട്ടിയയാള്‍ കഴിയുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരേക്കൂടാതെ വേറെ നിരവധിപേരില്‍ നിന്നും ഇയാള്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നും തട്ടിപ്പിനിരയാവര്‍ ആരോപിക്കുന്നു.
