മുടി വളര്‍ത്തിയതിന്‍റെ പേരില്‍ വേട്ടയാടുന്നുവെന്ന് പരാതി
കോഴിക്കോട്: സമൂഹത്തിൽ സദാചാര പൊലീസുകാർ വേട്ടയാടുന്നുവെന്ന പരാതിയുമായി ഒരുകൂട്ടം യുവാക്കൾ. മുടി നീട്ടി വളർത്തിയതിന്റെ പേരിൽ നാട്ടുകാരും പൊലീസും സംശയ ദൃഷ്ടിയോടെ പെരുമാറുന്നു. കോഴിക്കോട് ചേർന്ന കൂട്ടായ്മയിലാണ് യുവാക്കൾ പരാതി ഉന്നയിച്ചത്.
പൊലീസിന്റെയും നാട്ടുകാരുടെയും സംശയകണ്ണുകൾ തങ്ങളെ നിരന്തരം വേട്ടയാടുന്നുവെന്നാണ് ഈ ചെറുപ്പകാരുടെ പരാതി. കാരണം ഒന്നേ ഉള്ളൂ. പലരൂപത്തിലും നിറത്തിലുമെല്ലാമായി ഇവർ കാത്ത് പരിപാലിക്കുന്ന ഈ തലമുടി. തങ്ങൾക്കിഷ്ടമ്മുള്ളത് പോലെ തലമുടി വളർത്തുന്നത് ഇത്ര വലിയ കുറ്റമാണോ എന്നാണ് ഇവർ ചോദിക്കുന്നത്.
ആക്ഷേപങ്ങളും പരിഹാസങ്ങളും നിരവധി കേട്ടെങ്കിലും ഇഷ്ടമുള്ളപോലെ ഇനിയും മുടി വളർത്തുമെന്ന് ഇവർ വ്യക്തമാക്കുന്നു. മുടിവളർത്തിയവരുടെ വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളാണ് കോഴിക്കോട് കടപ്പുറത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം ചെറുപ്പകാർ ഒത്തുചേരലിൽ പങ്കെടുത്തു.
