വന്‍തുക ഫീസ് വാങ്ങുന്ന രാജ്യത്തെ ആയിരക്കണക്കിന് സ്വകാര്യ കോച്ചിങ് സെന്ററുകള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നതാണ് തീരുമാനം. സെപ്തംബര്‍ എട്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.

ദില്ലി: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സൗജന്യ കോച്ചിങ് സെന്ററുകള്‍ തുടങ്ങുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന ഒറ്റ സംവിധാനം രൂപീകരിച്ചതിന്റെ ഭാഗമായാണ് പരിശീലനവും. ഇപ്പോള്‍ പരീക്ഷാ പരിശീലനം മാത്രം നല്‍കുന്ന 2697 കേന്ദ്രങ്ങളെ അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍സമയ കോച്ചിങ് സെന്ററുകളാക്കി മാറ്റാനാണ് തീരുമാനം.

വന്‍തുക ഫീസ് വാങ്ങുന്ന രാജ്യത്തെ ആയിരക്കണക്കിന് സ്വകാര്യ കോച്ചിങ് സെന്ററുകള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നതാണ് തീരുമാനം. സെപ്തംബര്‍ എട്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. വെറും പരീക്ഷാ പരിശീലനം എന്നതിലുപരി മുഴുവന്‍ സമയ കോച്ചിങ് സെന്ററുകളായിരിക്കും ഇവ. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. സാമ്പത്തിക പരാധീനതകള്‍ കാരണം ഉന്നതി വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ എത്താന്‍ കഴിയാതെ വരുന്നവര്‍ക്ക് ഇവ സഹായകമാവുമെന്നാണ് പ്രതീക്ഷ.

ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം. അടുത്ത വര്‍ഷം മേയ് മാസം മുതല്‍ ക്ലാസുകള്‍ തുടങ്ങും. ആദ്യപടിയായി 2019 ജനുവരിയില്‍ നടക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷക്ക് (ജെഇഇ മെയിന്‍) തയ്യാറെടുക്കുന്നവര്‍ക്കായി മാതൃകാ പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്സൈറ്റ് വഴി ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും. ഈ പരീക്ഷകളുടെ ഫലം പുറത്തുവന്നശേഷം അധ്യാപകര്‍ കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. 

നീറ്റ്, യുജിസി നെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായും മാതൃകാപരീക്ഷകള്‍ നടത്തും. ഇവര്‍ക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മൊബൈല്‍ ആപ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.