തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സറിനുള്ള സൗജന്യ മരുന്നുകള്‍ കിട്ടാനില്ല. കീമോയ്‌ക്ക് അടക്കമുള്ള അര്‍ബുദരോഗ മരുന്നുകളാണ് സൗജന്യമായി കിട്ടാതായത്. മരുന്ന് നല്‍കിയ വകയില്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാനുള്ളതിനാല്‍ ആര്‍എസ്ബിവൈ പദ്ധതിയിലുള്‍പ്പെട്ട രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ആനുകൂല്യവും കിട്ടുന്നില്ല.

ഇത് സുകുമാരന്‍ തമ്പി. അര്‍ബുദം ബാധിച്ച് ചികില്‍സയിലാണ്. 22 കീമോ എടുത്തു. 23-ാമത്തെ കീമോ എടുക്കാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദരോഗ ചികില്‍സക്കുള്ള സൗജന്യ മരുന്നുകളിലേറെയും കിട്ടാനില്ല. പിന്നെ ആശ്രയം കാരുണ്യ ഫാര്‍മസികളാണ്. അവിടേയും മരുന്നില്ല.

സുകുമാരന്‍ തമ്പിയെപ്പോലെ പല രോഗികള്‍ക്കും ആര്‍എസ്ബിവൈ ഇന്‍ഷുറന്‍സ് കാര്‍ഡുണ്ട്. എന്നാല്‍ ആശുപത്രികളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള സ്വകാര്യ ഫാര്‍മകളെ സമീപിച്ചപ്പോള്‍ അവരും കൈമലര്‍ത്തി. ഇത്രയും നാള്‍ മരുന്ന് നല്‍കിയ വകയില്‍ സര്‍ക്കാര്‍ ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയതാണ് കാരണം. സര്‍ക്കാര്‍ പണം നല്‍കാതെ മരുന്ന് തരാനാകില്ലെന്നാണ് സ്വകാര്യ ഫാര്‍മകളുടെ നിലപാട്. ഇതോടെയാണ് അര്‍ബുദരോഗികള്‍ക്ക് കിട്ടേണ്ട സൗജന്യ മരുന്നുകള്‍ നിലച്ചതും ചികില്‍സകള്‍ മുടങ്ങുന്നതും.