അര്‍ജന്‍റീനയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്

മോസ്കോ: ലോകത്തില്‍ നിലവിലുള്ള ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള നേരിട്ടുള്ള അങ്കത്തിനാണ് ലോകകപ്പ് സെമി ഫെെനല്‍ അരങ്ങൊരുക്കുന്നത്. സുവര്‍ണ തലമുറയുമായി ബെല്‍ജിയവും സിനദീന്‍ സിദാനും കൂട്ടര്‍ക്കും ശേഷം കണ്ട ഏറ്റവും മികച്ച കളി സംഘവുമായത്തുന്ന ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ ചോര പൊടിയുമെന്നുറപ്പ്.

ഇതിനിടെ ബെൽജിയത്തിനെതിരായ നാളത്തെ സെമി ഫൈനലിന് മുൻപ് മുന്നറിയിപ്പുമായി ഫ്രഞ്ച് ഡിഫന്‍ഡര്‍ ലുക്കാസ് ഹെർണാണ്ടസ് രംഗത്തെത്തി. ലോകത്തെ ഏറ്റവും മികച്ച താരത്തെ നാട്ടിലേക്ക് പറഞ്ഞയച്ച ഫ്രാൻസിന്, ബെൽജിയം സ്ട്രൈക്കർമാർ ഭീഷണിയല്ലെന്നാണ് ഹെര്‍ണാണ്ടസിന്‍റെ വെല്ലുവിളി. മെസിയെ നാട്ടിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്.

ലോകത്തെ മികച്ച താരമായിട്ടും പ്രീക്വാർട്ടറിൽ പന്ത് തൊടാൻ പോലും മെസിക്ക് കഴിഞ്ഞില്ല. ഫ്രഞ്ച് പ്രതിരോധത്തിന്‍റെ ആഴം കാട്ടാൻ മെസിയെ ഉദാഹരണമാക്കുകയാണ് പ്രതിരോധ താരം ലുക്കാസ് ഹെർണാണ്ടസ്. എദന്‍ ഹസാര്‍‍ഡിനെയോ ലുക്കാക്കുവിനെയോ ഭയക്കുന്നില്ല. ഹസാർഡിനെ പൂട്ടാനുള്ള വഴികളെല്ലാം അറിയാം. ലുക്കാക്കുവിന് കായിക ക്ഷമത കൂടുതലാണ്.

പക്ഷേ, അതിനെ അതിജീവിക്കാൻ കഴിവുള്ള മികച്ച താരങ്ങൾ ഫ്രാൻസിലുണ്ടെന്നും ഹെർണാണ്ടസ് പറഞ്ഞു. തങ്ങളുടെ പ്രതിരോധം പൊളിക്കാനാവില്ലെന്ന് റാഫേല്‍ വരാനെയും പറഞ്ഞു. പ്രതിരോധത്തിൽ ശക്തികേന്ദ്രമായ ഉംറ്റിറ്റിക്ക് പരിക്ക് കാര്യമായില്ല.

ഉംറ്റിറ്റി കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വരാനെ പറഞ്ഞു. എന്നാൽ, മെസിയെ ഉദാഹരണമാക്കിയുള്ള പ്രസ്താവന മെസി ആരാധകർക്ക് പിടിച്ച മട്ടില്ല. താരങ്ങളാരും പ്രതികരിക്കാത്തതിനാൽ വെല്ലുവിളിയോട് കളത്തിൽ കാണാമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് ബെൽജിയം ആരാധകർ