ദില്ലി: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ന്നു. റെസ്ട്രിക്റ്റഡ് സ്കോര്‍പീന്‍ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന 22000 ഓളം പേജ് വരുന്ന രഹസ്യ രേഖയാണു പുറത്തായതെന്ന് ഓസ്ട്രേലിയന്‍ പത്രമായ ദി ഓസ്ട്രേലിയന്‍ പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാവിക സേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്ത അന്തര്‍വാഹനി സാങ്കേതികവിദ്യ സംബന്ധിച്ചുള്ളതാണ് പുറത്തായ രഹസ്യ രേഖ. മുംബൈ കപ്പല്‍ശാലയിലാണ് ഈ അന്തര്‍വാഹനികള്‍ നിര്‍മിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ അന്തര്‍വാഹനി ഈ വര്‍ഷം അവസാനം സേനാവ്യൂഹത്തിലെത്തിക്കാനിരിക്കെയാണ് രഹസ്യരേഖകള്‍ ചോര്‍ന്നതായി വാര്‍ത്ത പുറത്തുവന്നരിക്കുന്നത്.
38.06 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഈ സാങ്കേതികവിദ്യ ഇന്ത്യ വാങ്ങിയത്. ഇന്ത്യയില്‍നിന്നല്ല വിവരങ്ങള്‍ ചോര്‍ന്നതന്ന് നാവിക സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചോര്‍ച്ച എവിടെനിന്നെന്നു കണ്ടെത്തുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നതെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. നാവികസേനാ മേധാവിയെ ഇതിനു ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഹാക്കിങ് വഴിയാണു രേഖകള്‍ ചോര്‍ന്നതെന്നാണു പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പൂര്‍ണ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും മന്ത്രാലയം അറിയിക്കുന്നു.
