ദില്ലി: ത്രികോണ പ്രേമം വൈരമായി മാറിയതോടെ യുവാവ് സുഹൃത്തിനെ ഹെല്‍മറ്റിന് അടിച്ച് കൊന്ന് പുഴയില്‍ തള്ളി. ദീപക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരായ രഞ്ജീത്ത്, സൗരഭ് എന്നിവരെ സംഭവത്തില്‍ പോലീസ് പിടിയിലായി. എന്നാല്‍ ഇതുവരെ ദീപക്കിന്‍റെ മൃതദേഹം ലഭിച്ചിട്ടില്ല.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഒരു വര്‍ഷം മുമ്പ് കൗഷമ്പിയിലെ ഒരു കോള്‍സെന്ററില്‍ വെച്ചായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്. ഇവിടെ വെച്ച് രഞ്ജീത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് രഞ്ജീത്തും സൗരഭും ജോലി ഉപേക്ഷിച്ചപ്പോള്‍ ഈ പെണ്‍കുട്ടി ദീപക്കുമായി സൗഹൃദത്തിലായി. 

മാര്‍ച്ച് 31 ന് രഞ്ജീത്ത് തന്‍റെ കാമുകിയെ വിളിക്കുകയും വീട്ടില്‍ കൊണ്ടു വിടാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സഹോദരന്‍ എത്തുമെന്ന് ഇതിന് അവര്‍ കളളം പറഞ്ഞു. പിന്നീട് യുവതി തന്‍റെ കൂട്ടുകാരിയുമായി സമീപത്തെ ഒരു മാളില്‍ പോകുകയും അവിടെ വെച്ച് ദീപക്കിനെ കാണുകയും ചെയ്തു. ഇവര്‍ പോയതിന് പിന്നാലെ രഞ്ജീത്തും സൗരഭും പിന്നാലെ കൂടുകയും ഇവരെ തടയുകയും ചെയ്തു. 

യുവതിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞിട്ട് എല്ലാം സംസാരിക്കാമെന്ന് പറഞ്ഞ് ദീപക്കിനെ കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളൈ ഓവറിന് കീഴില്‍ ചെന്ന് മദ്യപിക്കുകയും ദീപക്കിനോട് കാമുകിയുടെ കാര്യം പറഞ്ഞ് വഴക്കു പിടിക്കുകയും ഹെല്‍മറ്റിന് അനേകം തവണ അടിക്കുകയും ചെയ്തു. 

ബോധം കെടും വരെയായിരുന്നു ആക്രമണം. പിന്നീട് ദീപക്കിനെയും ബൈക്കില്‍ എടുത്തു കൊണ്ട് പോയി പാലത്തില്‍ നിന്നും താഴേയ്ക്ക് തള്ളിയിട്ടു. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയ ഇരുവരും ബൈക്ക് ആദ്യം ഒളിപ്പിച്ചു. പിറ്റേന്ന് തന്നെ ദീപക്കിന്‍റെ വീട്ടുകാര്‍ അയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചെങ്കിലും രഞ്ജീത്ത് തെറ്റായ വിവരം നല്‍കി വഴി തിരിച്ചു വിടുകയായിരുന്നു. ഒടുവിലാണ് വീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയത്.