കോഴിക്കോട്: പേരാമ്പ്രയില്‍ നിന്ന് അഞ്ജിമ ചെക്കോട്ടയിലേക്ക് യാത്ര തിരിച്ചു, രാജ്യത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക്ക് ദിനപരേഡില്‍ പങ്കെടുക്കാന്‍. പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് വളണ്ടിയര്‍ ലീഡറാണ് അഞ്ജിമ. ജില്ലയില്‍ തന്നെ 6,500 സേവന സന്നദ്ധരായ വളണ്ടിയര്‍മാര്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ അംഗങ്ങളാണ്. 

ജില്ല, റീജണല്‍, സംസ്ഥാന തലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സൗത്ത് ഇന്ത്യാതല മത്സരത്തിനും ശേഷമാണ് അഞ്ജിമക്ക് ഈ അസുലഭ അവസരം ലഭിക്കുന്നത്. പേരാമ്പ്രയെന്ന മലയോര ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ തലസ്ഥാന നഗരിയിലേക്ക് അഞ്ജിമ ചുവടുവെക്കുമ്പോള്‍ ഗ്രാമത്തിന് അഭിമാന നിമിഷമാവുകയാണ്. 

പഠനത്തിലെന്നപോലെ നൃത്തത്തിലും മറ്റ് കലകളിലും മികവുകാട്ടുന്ന അഞ്ജിമ, കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാന കലോത്സവത്തിലെ നൃത്തവേദിയിലെ നിറസാന്നിദ്ധ്യമാണ്. തുടര്‍ച്ചയായി നാല് വര്‍ഷം തിരുവാതിരയിലും രണ്ട് വര്‍ഷം ബാന്‍ഡ് മേളത്തിലും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അഞ്ജിമയുണ്ട്. ഇപ്പോള്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കേണ്ടിയിരുന്ന അഞ്ജിമ ഡല്‍ഹിയിലെ പരിശീലനങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഒഴിവാകുകയായിരുന്നു.

തിരുവാതിരയിലും കുച്ചുപ്പുടിയിലും കേരളനടനത്തിലുമെല്ലാമുള്ള മികവാണ് അഞ്ജിമയ്ക്ക് ചെക്കോട്ടയിലേക്കുള്ള വഴി എളുപ്പമാക്കിയത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാഷ്ട്രപതിഭവനില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രഥമ പൗരന്റെ മുന്നില്‍ കേരള നടനം അവതരിപ്പിക്കാനുള്ള സുവര്‍ണ്ണാവസരവും ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്. 

പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് വിമുക്ത ഭടനായ ദാമോദരന്റെയും ശോഭനയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് ഡി. അഞ്ജിമ. ഇന്ത്യന്‍ സായുധസേനയുടെ ഭാഗമായി ശ്രീലങ്കയിലെ കന്നവാളില്‍ ജെ.കെ.എല്‍.എഫുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരുക്കേറ്റ ദാമോദരനെ വിശിഷ്ട സേവാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സഹോദരന്‍ അര്‍ജ്ജുന്‍ വിദേശത്ത് ജോലി ചെയ്യുന്നു.