ദില്ലി: ആകാശത്തില്‍നിന്ന് വീണ തണുത്തുറഞ്ഞ അത്ഭുത വസ്തു ഫ്രിഡ്ജില്‍ സൂക്ഷിച്ച പട്ടൗഡിയിലെ കര്‍ഷകര്‍ സത്യമറിഞ്ഞ് ഞെട്ടി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫസില്‍പുര്‍ ബഡ്‌ലി ഗ്രാമത്തിലാണ് ആകാശത്തുനിന്ന് അത്ഭുത വസ്തു പതിച്ചത്.

ബല്‍വാന്‍ എന്ന കര്‍ഷകന്റെ ഗോതമ്പുപാടത്ത് പതിച്ച ഈ വസ്തുവിന് എട്ട് കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. ഇത് എന്താണെന്ന് അറിയാതെ പരിഭ്രാന്തരായി നിന്നവര്‍ക്കിടയില്‍ പല അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ചിലര്‍ കരുതി അത് ഉല്‍ക്കയാകാമെന്ന്. മറ്റുചിലര്‍ നിധിയെന്നും ചിലരാകട്ടെ എന്തെങ്കിലും അമൂല്യ ധാതുക്കളായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. പതിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞതോടെ ഈ വസ്തു ഉരുകാന്‍ തുടങ്ങി. 

ഇത് പതിച്ചിടത്ത് ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരുന്നു. സംഭവം കര്‍ഷകര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. ഉല്‍ക്കയാണെന്ന സംശയം ആളുകള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്ത്യന്‍ മെറ്റിറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റി(ഐഎംഡി)നെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഐഎംഡി ഉദ്യോഗസ്ഥന്‍ എസ് പി ധവാന്‍ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയി. 

എന്നാല്‍ ഇത് മനുഷ്യ മാലിന്യമാണെന്നാണ് വിലയിരുത്തല്‍. വിമാനത്തില്‍ നിന്ന് പതിച്ച ബ്ലൂ ഐസ് ആണ് ഇതെന്നും പൊലീസും ഐഎംഡിയും പറയുന്നു. യാത്രയ്ക്കിടയില്‍ സൂക്ഷിച്ച് വയ്ക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്യുന്ന ബ്ലൂ ഐസ് അബദ്ധത്തില്‍ ചോര്‍ന്ന് താഴോട്ട് പതിച്ചതാകാമെന്നാണ് നിഗമനം. 

എന്നാല്‍ അപൂര്‍വ്വ നിധിയെന്നും ഉല്‍ക്കയെന്നുമെല്ലാം കരുതിയിരുന്ന കര്‍ഷകരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അധികൃതര്‍ നന്നേ പാടുപെട്ടു. ഇതിനിടയില്‍ ഉരുകുന്ന നിധിയെന്ന് കരുതി ചിലര്‍ ബ്ലൂ ഐസ് എടുത്ത് ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.