2015 ഒക്ടോബറിലാണ് ഹൈക്കോടതി, കീഴ്ക്കോടതി, ലോ കോളേജുകള്‍, എജി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുളളവരെ പരീക്ഷ നടത്തി മുന്‍സിഫ്-മജിസ്‍ട്രേറ്റുമാരായി നിയമിച്ചത്. 10 വര്‍ഷത്തെ സര്‍വ്വീസും നിയമബിരുദവും ഉള്ളവരെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ മൂന്നു ദിവസം മുമ്പാണ് പ്രത്യേക കാരണമൊന്നും പറയാതെ ഈ 52 പേരെയും മാത്യകേഡറിലേക്ക് തിരിച്ചുവിട്ടു കൊണ്ട് ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഇനി മുതല്‍ സിറ്റിങ് നടത്തേണ്ടതില്ലെന്ന് വാക്കാലുളള നിര്‍ദേശമാണ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചതെന്നാണ് മുന്‍സിഫ്-മജിസ്‍ട്രേറ്റുമാര്‍ പറയുന്നത്.

ബന്ധപ്പെട്ട ജില്ലാ ജഡ്ജിമാരോ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റുമാരോ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സിറ്റിങിന് പകരക്കാരെ ചുമതലപ്പെടുത്തണമെന്നും ഹൈകോടതി നിര്‍ദേശമുണ്ട്.എന്നാല്‍ രാജ്യത്തെ ഒരു കോടതിയും ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തനരഹിതമായി കിടക്കരുതെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിന്‍റെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി കീഴ്കോടതികളില്‍ താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിരുന്നത്. കീഴ്കോടതികളില്‍ ലക്ഷകണക്കിന് കേസുകള്‍ കെട്ടികിടക്കുമ്പോള്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത് തങ്ങളെ അപമാനിച്ചു ഇറക്കിവിട്ടുവെന്നാണ് മുന്‍സിഫ്-മജിസ്‍ട്രേറ്റുമാരുടെ ആക്ഷേപം