അമിത് ഷാ അന്നേ പറഞ്ഞു; ലക്ഷ്യം ബംഗാളും ത്രിപുരയും കേരളവും

First Published 3, Mar 2018, 4:22 PM IST
future steps of bjp
Highlights
  • കേരളത്തിലെന്ന പോലെ ബിജെപിയ്ക്ക് ദുര്‍ബലമായ സംഘടനാ സംവിധാനമുണ്ടായിരുന്ന രണ്ടു സംസ്ഥാനങ്ങളായിരുന്നു രണ്ട് വര്‍ഷം മുന്‍പ് വരെ ബംഗാളും ത്രിപുരയും എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് രണ്ടു സ്ഥലത്തും മുഖ്യപ്രതിപക്ഷമായി ബിജെപി ഉയര്‍ന്നു വന്നതും ഇപ്പോള്‍ ത്രിപുരയില്‍ അധികാരം പിടിച്ചതും
     

 ത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം ഭുവനേശ്വറില്‍ വച്ചു നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗമാണ് രംഗം. മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ ബിജെപി നേടിയ വളര്‍ച്ച ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചരിത്രത്തിലെ സുവര്‍ണകാലത്തിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ഇരുവരേയും അഭിനന്ദിച്ചു പറഞ്ഞു.  എന്നാല്‍ ഈ അഭിനന്ദനങ്ങള്‍ക്ക് മറുപടിയായി അമിത്ഷാ പറഞ്ഞത് ഇപ്രകാരമാണ്. പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ എന്നു ബിജെപി ഭരിക്കുന്നുവോ.... ഒഡീഷ,ബംഗാള്‍,കേരളം, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ എന്ന് ബിജെപി സര്‍ക്കാരുണ്ടാക്കുന്നുവോ അന്നാണ് ബിജെപിയുടെ സുവര്‍ണകാലം. 

ത്രിപുര,നാഗാലാന്‍ഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം നേടി കൊണ്ട് ആ വലിയ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ബിജെപി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നാണ് മണിപ്പൂരിലും അസമിലും ഇപ്പോള്‍ ത്രിപുരയിലും ബിജെപി അധികാരം പിടിച്ചത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചും ഫണ്ട് ഒഴുകിയും എംഎല്‍എമാരെ മറുകണ്ടം ചാടിച്ചും അങ്ങനെ പല വഴികളും ഇതിനായി പാര്‍ട്ടി ഉപയോഗിച്ചിട്ടുണ്ട്. ബിജെപി നേടിയ വിജയങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നതായി പ്രതിപക്ഷനേതാക്കളും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളേയും വിമര്‍ശനങ്ങളേയും അതേ രീതിയില്‍ നേരിട്ട് ബിജെപി വിജയങ്ങള്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു. 

ശൂന്യതയില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ഇന്നു ബിജെപി നേടിയ വളര്‍ച്ചയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമാണ് സ്വാഭാവികമായും ലഭിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഒരു വര്‍ഷം മുന്‍പാണ് തിരഞ്ഞെടുപ്പ് ചുമതല നല്‍കി അമിത് ഷായെ മോദി യുപിയിലേക്കയക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ള എണ്‍പത് സീറ്റുകളില്‍ 71-ഉം നേടിയാണ് അമിത് ഷാ ആ ദൗത്യം പൂര്‍ത്തിയാക്കിയത്. പാര്‍ട്ടി അധ്യക്ഷനായിരുന്ന രാജ്്‌നാഥ് സിംഗ് സര്‍ക്കാരില്‍ ചേരാനായി ആ സ്ഥാനം രാജിവച്ചപ്പോള്‍ വിശ്വസ്തനായ അമിത് ഷായെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നത് മോദിയാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ആശീര്‍വാദവും അമിത്ഷായ്ക്കുണ്ടായിരുന്നു. 

രാജ്യത്തെ കീഴടക്കി കൊണ്ടുള്ള ബിജെപിയുടെ വളര്‍ച്ച ആരംഭിക്കുന്നത് അവിടെ നിന്നുമാണ്. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അമിത്ഷാ ആദ്യം ചെയ്തത് പാര്‍ട്ടിയെ സമ്പൂര്‍ണമായി ഉടച്ചു വാര്‍ക്കുക എന്നതാണ്. താഴെത്തട്ടില്‍ മുതല്‍ സംഘടനയെ ഷാ പുനസംഘടിപ്പിച്ചു. മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് വഴി ലോകത്തേറ്റവും അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന പദവി ബിജെപി നേടിയെടുത്തു. ജാതി-രാഷ്ട്രീയ സമവാക്യങ്ങളും നേതൃത്വമികവും പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അഴിച്ചു പണിതു. സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചും സ്വന്തം നിലയിലും സര്‍വ്വേ നടത്തി ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യം അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നു. പാര്‍ട്ടിക്ക് വേരോട്ടം കുറവായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും പ്രത്യേകം ലക്ഷ്യങ്ങള്‍ വച്ചാണ് ബിജെപി പ്രവര്‍ത്തിച്ചത്. 

ഇങ്ങനെ ഓരോ സംസ്ഥാനത്തിനുമായി കൃത്യമായ പദ്ധതികള്‍ നിശ്ചയിച്ച് അതു നേടിയെടുക്കാന്‍ അദ്ധ്വാനിക്കുക എന്നതായിരുന്നു നേതാക്കളോടും അണികളോടും അമിത് ഷാ ആവശ്യപ്പെട്ട കാര്യം. യുഡിഎഫും എല്‍ഡിഎഫും നിയന്ത്രിക്കുന്ന കേരളരാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് നീങ്ങാനാവില്ലെന്ന തിരിച്ചറിവിലാണ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ അമിത് ഷാ തീരുമാനിക്കുന്നത്. അക്രമരാഷ്ട്രീയം മുന്‍നിര്‍ത്തി സിപിഎമ്മിനെതിരെ ദേശീയതലത്തില്‍ പ്രചരണം നയിച്ച തന്ത്രവും അമിത് ഷായുടെ തലയിലുദിച്ചത് തന്നെ. 

കേരളത്തിലെന്ന പോലെ ബിജെപിയ്ക്ക് ദുര്‍ബലമായ സംഘടനാ സംവിധാനമുണ്ടായിരുന്ന രണ്ടു സംസ്ഥാനങ്ങളായിരുന്നു രണ്ട് വര്‍ഷം മുന്‍പ് വരെ ബംഗാളും ത്രിപുരയും എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് രണ്ടു സ്ഥലത്തും മുഖ്യപ്രതിപക്ഷമായി ബിജെപി ഉയര്‍ന്നു വന്നതും ഇപ്പോള്‍ ത്രിപുരയില്‍ അധികാരം പിടിച്ചതും. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥ മുതലെടുത്താണ് പല സംസ്ഥാനങ്ങളിലും ബിജെപി വളരുന്നത്. ഇപ്പോള്‍ ത്രിപുരയില്‍ താമര ചിഹ്നത്തില്‍ ജയിച്ചു കയറിയ പലരും മുന്‍കോണ്‍ഗ്രസുകാരാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയസംസ്‌കാരമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ളത് എന്നാല്‍ അമ്പരപ്പിക്കുന്ന തന്ത്രങ്ങളിലൂടേയും അണിയറ നീക്കങ്ങളിലൂടേയും അമിത്ഷാ ബിജെപിയെ മുന്നിലേക്ക് നയിക്കുകയാണ്. 

ഇപ്പോള്‍ ത്രിപുരയില്‍ പാര്‍ട്ടിയുടെ മുഖ്യസഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും കശ്മീരിലെ പിഡിപിയും ആശയപരമായി ബിജെപിയുമായി യോജിച്ചു പോകുന്ന കക്ഷികളല്ല. എന്നാല്‍ ഇവരുമായെല്ലാം സഹകരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. നേരത്തെ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കിയത് ബിജെപിയാണ്. ഇപ്പോള്‍ മേഘാലയയിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നതെങ്കിലും തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 

എന്തായാലും ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തോടെ ഇടതുപക്ഷത്തിന്റെ അവസാന തുരുത്തായി കേരളം മാറി കഴിഞ്ഞു. അമിത്ഷായുടെ ഭുവനേശ്വര്‍ പ്രസ്താവന കണക്കിലെടുക്കുമ്പോള്‍ അവരുടെ പ്രധാനലക്ഷ്യങ്ങള്‍ കേരളം, പശ്ചിമബംഗാള്‍,തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ അധികാരം പിടിക്കാന്‍ തക്ക കരുത്തും ജനസ്വാധീനവും ബിജെപിക്കുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം.  കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് തന്നെ 2016 നിയമസഭാ തിരഞ്ഞെടുപ്പിലാണ്. പ്രതിപക്ഷം എന്ന നിലയില്‍ യുഡിഎഫിന് ബദലാവാനും ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാനുമെല്ലാം പാര്‍ട്ടി നന്നായി പരിശ്രമിക്കുന്നുണ്ട്.എന്നാല്‍ അവസാനം നടന്ന മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകള്‍ ബിജെപിയ്ക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. 

ഇനി വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അതിനാല്‍ തന്നെ ബിജെപിക്ക് നിര്‍ണായകമാണ്. കാരണം 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍  ത്രികോണ മത്സരം നടന്ന മണ്ഡലമാണത്. ബംഗാളിലും ത്രിപുരയിലും ആദ്യം കോണ്‍ഗ്രസിനേയും പിന്നെ സിപിഎമ്മിനേയും മറികടന്നാണ് ബിജെപി വളര്‍ന്നത്. ആദ്യം ശക്തമായ പ്രതിപക്ഷമായി മാറുക അവിടെ നിന്നും അധികാരം നേടുക എന്നതാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി പയറ്റിയ തന്ത്രം. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസിനേയും യുഡിഎഫ് എന്ന മുന്നണി സംവിധാനത്തേയും മറികടന്നു ശക്തമായ പ്രതിപക്ഷമാക്കാനും അവിടെ നിന്നും സിപിഎമ്മിനെ മറികടന്ന് അധികാരം പിടിക്കാനും ശക്തമായ സംഘടനാ സംവിധാനവും നേതൃത്വവും ജനസ്വാധീനവും ബിജെപിക്കാവശ്യമാണ്. 

താഴെത്തട്ടില്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ച സംഘടനാ സംവിധാനമുണ്ടെങ്കിലും നേതൃതലത്തില്‍ ബിജെപിക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.  കേന്ദ്രത്തില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന അനവധി നേതാക്കളെ അമ്പരപ്പിച്ചും നിരാശപ്പെടുത്തിയുമാണ് പാര്‍ട്ടിയില്‍ പുതുമുഖമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനും അനുഭാവിയായി നിന്ന സുരേഷ് ഗോപിക്കും കേന്ദ്രനേതൃത്വം താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയത്. വിഭാഗീയത ശക്തമായ കേരള നേതൃത്വത്തോട് ദേശീയനേതൃത്വത്തിനുള്ള സമീപനത്തിന്റെ ചെറിയ ഉദാഹരണമാണത്. ബംഗാളിലും ത്രിപുരയിലും നടന്നത് പോലെ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ റാഞ്ചുന്ന അടവ് ഇവിടെയും കേന്ദ്രനേതൃത്വം പയറ്റുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. 

loader