ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച് കെ സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ വിവാദം കൊഴുക്കുകയാണ്. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് പിന്നാലെ കെ സുരേന്ദ്രനെ പരസ്യമായി തള്ളിപ്പറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

എന്നാല്‍ ആരാധനയുടെ കാര്യത്തില്‍ സ്‌ത്രീ-പുരുഷ വിവേചനം വേണ്ടെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന ആര്‍.എസ്.എസ് നേതാക്കളില്‍ വലിയൊരു വിഭാഗം. 41 ദിവസം വ്രതമെടുക്കണമെന്നത് പുരുഷ കേന്ദ്രീകൃത വ്യവസ്ഥയാണെന്നാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍ ഹരിയുടെ പക്ഷം. ക്ഷേത്രാരാധനയിലെ ലിംഗ സമത്വവും ഹിന്ദുത്വവുമെന്ന പേരില്‍ മുഖപത്രമായ കേസരിയിലാണ് ലേഖനം . അതേയമയം കോട്ടയത്ത് ചേര്‍ന്ന ആര്‍.എസ്.എസിന്റെ സമന്വയ ബൈഠകിലും ശബരിമലയിലെ സ്‌ത്രി പ്രവേശന വിഷയത്തില്‍ വലിയ ഭിന്നതയായിരുന്നു. ആര്‍.എസ്.എസ് സര്‍സംഘ ചാലക് ഭയ്യാ ജി ജോഷി അടക്കമുള്ള ഒരു വിഭാഗം കടുത്ത എതിര്‍പ്പാണ് യോഗത്തില്‍ ഉന്നയിച്ചത്.