ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയുമായി 2005ല്‍ ഒപ്പിട്ട കരാറില്‍ ക്രമക്കേട് കണ്ടെത്തിയ കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ജി മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കെ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടര്‍ വാങ്ങുന്നതിന് 12 കൊല്ലത്തേക്കാണ് കരാര്‍ ഉണ്ടാക്കിയത്. ഇതിലൂടെ 578 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു. യുപിഎ സര്‍ക്കാര്‍ ഇടപാട് റദ്ദാക്കി. കേസ് അന്വേഷിച്ച സിബിഐ ഇടപാടില്‍ മാധവന്‍ നായര്‍ക്ക് പങ്കുണ്ടെന്നു കണ്ടെത്തി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ക്രിമനന്‍ ഗൂഢാലോചനയ്ക്ക് ഐപിസി 120ബി, വഞ്ചനയ്ക്ക് ഐപിസി 420 വകുപ്പുകള്‍ ചുമത്തിയത്. മെയ് 12ന് മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

എന്തടിസ്ഥാനത്തിലാണ് തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അറിയില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജി മാധവന്‍ നായര്‍ പറഞ്ഞു. കരാര്‍ റദ്ദാക്കിയതിനെതിരെ ദേവാസ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. കരാര്‍ റദ്ദാക്കിയതിന് ഐഎസ്ആര്‍ഒയ്ക്ക് 6700 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഐഎസ്ആര്‍ഒ അപ്പീല്‍ നല്‍കാനിരിക്കെയാണ് മാധവന്‍ നായര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.