സംസ്ഥാനത്തെ കോണ്‍ട്രാക്ടര്‍മാരില്‍ മിക്കവരും ലാഭം ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കുമായി വീതിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നിര്‍മ്മാണം നടക്കുന്നത് ഏത് രീതിയിലാണെന്ന് നോക്കാന്‍ എഞ്ചിനീയര്‍മാരോ ഓവര്‍സീയറോ പോകാറില്ല. ഒരു കൊല്ലം കൊണ്ട് എല്ലാം നേരെയാക്കാന്‍ ശ്രമിക്കും. പൊതുമരാമത്ത് വകുപ്പിലെ എ‍ഞ്ചിനീയര്‍മാരടക്കമുള്ളവര്‍ക്ക് അഴിമതിക്കെതിരെ ബോധവല്‍ക്കരണം നല്‍കുമെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്തെ ദേശീയപാത, പൊതുമരാമത്ത് എ‍ഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും വിളിച്ച് കൂട്ടി അഴിമതിക്കെതിരെ ബോധവല്‍ക്കരണം നടത്താനാണ് ജി സുധാകരന്‍റെ തീരുമാനം. നിര്‍മ്മാണത്തിലെ തകരാറ് കൊണ്ടാണ് കാലാവധിക്കുമുമ്പ് തന്നെ ടാര്‍ ചെയ്ത റോഡുകള്‍ ഇളകുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അപകാതയുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജി സുധാകരന്‍ പറഞ്ഞു.

കരാറുകാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും കിട്ടുന്ന ലാഭം വീതിക്കുകയാണ്. എഞ്ചിനീയര്‍മാരുടെ മനോഭാവത്തില്‍ മാറ്റംവരുത്തും. ഒരു കൊല്ലം കൊണ്ട് വകുപ്പിന്‍റെ സ്വഭാവം തന്നെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷം കൊണ്ട് നാലുവരി പാത യാഥാര്‍ത്ഥ്യമാക്കുമെന്നും ദേശീയപാതകയുടെ വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നല്ല വില കൊടുക്കുമെന്നും ജി സുധാകരന് പറഞ്ഞു.