അറ്റകുറ്റ പണികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടിയെടുക്കുെമെന്നും മന്ത്രി
പത്തനംതിട്ട: റോഡ് അറ്റകുറ്റപണികളില്‍ വീഴ്ച വരുത്തുന്നവർക്ക് എതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. സംസ്ഥാനത്തെ എല്ലാ റോഡുകളിലെയും ആറ്റകുറ്റപണികളുടെ നടത്തിപ്പ് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ മന്ത്രി നേരിട്ട് നടത്തിയ പരിശോധനയില്‍ അറ്റകുറ്റ പണികള്‍ കൃത്യമസമയത്ത് പൂർത്തിയാക്കുന്നില്ലന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികൾ കർശനമായി നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയത്.
ആലപ്പുഴ- ചങ്ങാനാശ്ശേരി റോഡിലെ അറ്റകുറ്റ പണികളിലുണ്ടായ വീഴ്ച്ചകളെക്കുറിച്ച് പൊതുമാരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയെന്ന് മന്ത്രി ജി സുധാകരൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. അറ്റകുറ്റ പണികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടിയെടുക്കുെമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ അറ്റകുറ്റ പണികളില്‍ കൈകാര്യം ചെയ്യുന്നതിൽ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയർ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു. മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ റോഡുകളിലെ അറ്റകുറ്റ പണികൾ നിർത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നല്‍കിയിട്ടില്ലെന്നും 2019 വരെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കേണ്ട ചുമതല കെ.എസ്.ഡി.പിക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
