ദില്ലിയിലെ രൂക്ഷമായ വായു മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ബിഎസ്-6 മാനദണ്ഡമില്ലാത്ത വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശന വിലക്കേർപ്പെടുത്തുകയും, പെല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് പമ്പുകളിൽ നിന്ന് ഇന്ധനം നിഷേധിക്കുകയും ചെയ്യും.
ദില്ലി: ദേശീയ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് തടയിടാനായി ദില്ലി സർക്കാർ പ്രഖ്യാപിച്ച കർശനമായ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ബിഎസ്-6 എഞ്ചിൻ മാനദണ്ഡം നിർബന്ധമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിൽ പ്രധാനം. ഇതോടൊപ്പം, സാധുവായ പെല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
പുതിയ നിയമം നടപ്പിലാകുന്നതോടെ ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്ന് നിത്യേന ദില്ലിയിലേക്ക് എത്തുന്ന 12 ലക്ഷത്തോളം വാഹനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം നോയിഡയിൽ നിന്ന് നാലും ഗാസിയാബാദിൽ നിന്ന് അഞ്ചര ലക്ഷവും ഗുഡ്ഗാവിലെ രണ്ട് ലക്ഷത്തോളം വാഹനങ്ങൾക്കും ഇനി നഗരത്തിലേക്ക് പ്രവേശനം ലഭിക്കില്ല. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ ഇതിനകം തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ദില്ലി പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ ചൊവ്വാഴ്ചയാണ് ഈ കർശന നടപടികൾ പ്രഖ്യാപിച്ചത്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ നാലാം ഘട്ടം നിലനിൽക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചു
ശൈത്യകാലം ആരംഭിക്കുന്നതോടെ താപനില കുറയുന്നതും അന്തരീക്ഷത്തിൽ മലിനീകരണ വസ്തുക്കൾ തങ്ങിനിൽക്കുന്നതും മൂലം വായുനിലവാരം അതീവ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തിരക്കേറിയ പ്രദേശങ്ങളിൽ വായുവിലെ സൂക്ഷ്മകണികാ മലിനീകരണത്തിൽ 40 ശതമാനത്തോളം പങ്കുവഹിക്കുന്നത് വാഹനങ്ങളാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 126 ചെക്ക് പോസ്റ്റുകളിലായി 580 പൊലീസ് ഉദ്യോഗസ്ഥരെയും 37 എൻഫോഴ്‌സ്‌മെന്‍റ് വാനുകളെയും പരിശോധനയ്ക്കായി നിയോഗിച്ചു. ഇതിനുപുറമെ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്‍റ്, മുനിസിപ്പൽ കോർപ്പറേഷൻ, ഫുഡ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ പ്രത്യേക സംഘങ്ങൾ പെട്രോൾ പമ്പുകളിൽ നേരിട്ടെത്തി നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
ഇന്ന് പുലർച്ചെ മുതൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. നജാഫ്ഗഡ് പോലുള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞത് ജനജീവിതത്തെ ബാധിച്ചു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച രാവിലെ ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 356 രേഖപ്പെടുത്തി. ഇത് 'വളരെ മോശം' എന്ന വിഭാഗത്തിലാണ് പെടുന്നത്. ആനന്ദ് വിഹാറിൽ സൂചിക 415-ൽ എത്തിയതോടെ വായുനിലവാരം 'അതിതീവ്രം' എന്ന നിലയിലായി. വിവേക് വിഹാർ, ജഹാംഗീർപുരി, രോഹിണി, ഐ.ടി.ഒ തുടങ്ങിയ ഇടങ്ങളിലും വായുനിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി മലിനീകരണ തോത് കുറയ്ക്കാനുള്ള എല്ലാ നടപടികളുമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

