കീഴാറ്റൂരില്‍ സമരം നടത്തുന്നത് കിളികളല്ല കഴുകന്‍മാരെന്ന് ജി.സുധാകരന്‍

First Published 20, Mar 2018, 10:41 AM IST
g sudhakaran on keezhattoor protest
Highlights
  • കര്‍ഷകസമരത്തെ തള്ളി ജി.സുധാകരന്‍;വയല്‍കിളികളല്ല അവര്‍ കഴുകന്‍മാര്‍
  • കീഴാറ്റൂരില്‍ വികസന വിരുദ്ധൻമാർ മാരീചവേഷം പൂണ്ടുവരികയാണ്. 

തിരുവനന്തപുരം; കീഴാറ്റൂര്‍ വിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ നോട്ടീസിന് മറുപടി പറയുന്പോള്‍ ആണ് മന്ത്രി സമരക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്. 

ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നത്. നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല.

ബൈപാസ് റോഡ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കീഴാറ്റൂരിലെ 99 ശതമാനം ജനങ്ങളും. കൈപ്പിടിയിൽ ഒതുങ്ങാവുന്ന ആൾക്കാർ മാത്രമാണ് ബൈപ്പാസ് പദ്ധതിയെ എതിര്‍ക്കുന്നത്. കീഴാറ്റൂരില്‍ വികസന വിരുദ്ധൻമാർ മാരീചവേഷം പൂണ്ടുവരികയാണ്. 

പ്രക്ഷോഭകാരികള്‍ വയല്‍ കിളികളാണോ അതോ വയൽ കഴുകൻമാരാണോയെന്ന് തെളിയട്ടെ. എല്‍ഡിഎഫ് സര്‍ക്കാരല്ല യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന അലൈന്‍മെന്‍റ് പ്രകാരമാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് പോവുന്നതെന്നും --- നോട്ടീസിന് മറുപടി പറയവേ ജി.സുധാകരന്‍ പറഞ്ഞു. 

loader