തിരുവനന്തപുരം: ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന വിധിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ സംസ്ഥാനത്ത് വിഷമദ്യം ഒഴുകും . അങ്ങനെ വന്നാല്‍ വീണ്ടും മണിച്ചന്മാരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യ നിരോധനം സര്‍ക്കാര്‍ നയമല്ല. ഭരണഘടനാ പരമായി മദ്യ കച്ചവടം നടക്കട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി വിധി സര്‍ക്കാരിനല്ല ബാറുടമകള്‍ക്കാണ് ഗുണം ചെയ്തത്. സുപ്രീം കോടതി വിധി തിരുത്തട്ടേ, അതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. മദ്യം വിറ്റ് പണമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കുടിക്കാതിരിക്കുന്നതാണ് നല്ലത്. മദ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വിമുക്തി എന്ന പേരില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.
