ആലപ്പുഴ: പ്രളയത്തിനു ശേഷം നടക്കുന്ന ആലപ്പുഴയിലെ കലാമേളയിൽ പ്രളയം പ്രമേയമാക്കിയ സ്വന്തം കവിത ഏഷ്യാനെറ്റ് ന്യൂസിനായി പാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരൻ. 'ഞാനാണ് സാക്ഷി പ്രളയ സാക്ഷി' എന്നാണ് മന്ത്രി രചിച്ച കവിതയുടെ പേര്.

പഠന കാലത്തെ കലോത്സവ ഓര്‍മ്മകളും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. ചെറുപ്പത്തിൽ സുധ എന്ന പേരിൽ കവിത എഴുതിയ കാലവും മന്ത്രി ഓർത്തെടുത്തു.

മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷൻ. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുന്നത്. പ്രളയാനന്തരമുള്ള കലോത്സവം മൂന്ന് ദിവസമായി നിജപ്പെടുത്തിയിരുന്നു. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.