മാള: ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ മറവില്‍ കരാറുകാര്‍ കണ്ടല്‍ച്ചെടികള്‍ വെട്ടി മാറ്റി, തണ്ണീര്‍ത്തടം നികത്തി. തൃശ്ശൂര്‍ മാള പൊയ്യ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയ്യേറിയാണ് കരാറുകാരുടെ നിയമലംഘനം. തണ്ണീര്‍ത്തടം നികത്തിയതിനെതിരെ പഞ്ചായത്ത് സര്‍ക്കാരിനെ സമീപിക്കും. ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശത്തിന് ഇരുവശത്തും ഏറ്റെടുക്കേണ്ടത് 10 മീറ്റര്‍.

ഈ സ്ഥലം മാത്രമാണ് ഭൂ ഉടമ വിട്ടു കൊടുത്തത്. എന്നാല്‍ കരാറുകാര്‍ ഒറ്റ രാത്രി കൊണ്ട് രണ്ടേക്കര്‍ തണ്ണീര്‍ത്തടം നികത്തി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ച്ചെടികള്‍ വെട്ടി നശിപ്പിച്ചാണ് നികത്തല്‍. 20 ഇനത്തിലധികം കണ്ടല്‍ച്ചെടികള്‍ വളര്‍ന്ന ഭൂമിയിലാണ് കരാറുകാരുടെ നിയമലംഘനം. താനറിയാതെ നികത്തിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടം മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന കേന്ദ്രം കൂടിയാണ്. നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കാനാണ് തണ്ണീര്‍ത്തടം നികത്തിയതെന്നാണ് കരാറുകാരുടെ മറുപടി.