ജീവന്‍ കയ്യില്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളും രോഗികളുമുള്‍പ്പെടുന്ന നാട്ടുകാര്‍ ഇവിടെ വഴി നടക്കുന്നത്.

കണ്ണൂര്‍: ഗെയില്‍ നി‍ര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനെതിരെ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. പൈപ്പിനായി കുഴിച്ച സ്ഥലങ്ങള്‍ മഴ തുടങ്ങിയപ്പോള്‍ അതേപടി ഉപേക്ഷിച്ചതോടെ വഴി നടക്കാന്‍ പോലുമാകാതെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം നിറഞ്ഞ നിലയില്‍ കിടക്കുന്ന കുഴികള്‍ മരണക്കെണികള്‍ തീര്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഏക്കറുകണക്കിന് വയലുകളും ഗെയില്‍ നി‍ര്‍മ്മാണത്തിനായി കുഴിച്ചതിനാല്‍ നശിച്ച നിലയിലാണ്.

ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കെപിടിഎല്‍ അധികൃതര്‍ മയ്യില്‍ പഞ്ചായത്തിലെ കടൂര്‍ കനാലിനടുത്ത് താമസിക്കുന്നവരുടെ ദുരവസ്ഥ കൂടി കാണണം. ജീവന്‍ കയ്യില്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളും രോഗികളുമുള്‍പ്പെടുന്ന നാട്ടുകാര്‍ ഇവിടെ വഴി നടക്കുന്നത്. ചാല മാന്ത വള്ളിയോട്ട്, മയ്യില്‍ത്താഴെ തുടങ്ങി ഏക്കറുകളോളം വയലുകളില്‍ രണ്ടാം വിളയും തെറ്റി വെള്ളം കയറിപ്പോയിരിക്കുന്നു. ഏതാണ്ട് 500 ഏക്കറോളം വരുന്ന കൃഷിയിടങ്ങളാണ് വെറുതെ കിടക്കുന്നത്.

വെള്ളം മൂടിയ കിലോമീറ്ററുകള്‍ നീളമുള്ള കുഴികള്‍ക്കരികിലൂടെയാണ് കുട്ടികള്‍ സ്കൂളിലേക്ക് നടന്നുപോകുന്നത്. ആരോടാണ് ഇക്കാര്യത്തില്‍ പരാതി പറയേണ്ടതെന്നും ഇവര്‍ക്കറിയില്ല. ഇതിനിടെ തൊഴിലാളികള്‍ വന്നു തമാസിച്ചുപോകുന്ന കേന്ദ്രങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ പകര്‍ച്ച വ്യാധി ഭീഷണിയും പടരുന്നുണ്ട്. പലയിടത്തും അശാസ്ത്രീയമായാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇവ സമീപഭാവിയില്‍ കൂടുതല്‍ ദുരന്തമുണ്ടാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.