കുമളി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തുന്നതിന്  എഐഎഡിഎംകെ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഗജപൂജ നടത്തി.   ഇടുക്കിയിലെ കുമളിയിലുള്ള സ്വകാര്യ ആന സവാരി കേന്ദ്രത്തിലെത്തായിരുന്നു ഗജപൂജ.

ആണ്ടിപ്പെട്ടി എം എല്‍ എ തങ്ക തമിഴ് സെല്‍വന്‍, കന്പം എം.എല്‍.എ എസ്. ടി. കെ ജക്കയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജയലളിതക്കായി ഗജപൂജ നടത്തിയത്.  രാവിലെ 11 മണിയോടെ എം.എല്‍.എ മാര്‍ പ്രത്യേക പൂജകള്‍ക്കായി കുമളിയിലെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സവാരി കേന്ദ്രത്തിലെ മൂന്ന് ആനകളെ ഗജപൂജക്ക് തയ്യാറാക്കി നിര്‍ത്തിയിരുന്നു. തേനി പഴനിചെട്ടിപ്പെട്ടിയില്‍ നിന്നെത്തിയ പൂജാരി രാജ ഗണപതിയുടെ കാ!ര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

സവാരി കേന്ദ്രത്തിലെ ആനകള്‍ക്ക് ആനയൂട്ടും നടത്തി. തങ്ങളുടെ നേതാവിന്റെ ആരോഗ്യം പൂര്‍ണ്ണമായി തിരികെ ലഭിക്കാന്‍ ഗണപതിക്കുള്ള വഴിപാടായാണ് ഗജപൂജ നടത്തിയതെന്ന് തങ്കതമിഴ് സെല്‍വന്‍ പറഞ്ഞു. ഗജപൂജക്കു ശേഷം കുമളിയിലെ മസ്ലീം പള്ളിയിലെത്തി പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയാണ് സംഘം മടങ്ങിയത്.