തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നിശ്ചയിച്ച വിപണിവിലയായ ന്യായവിലയുടെ അഞ്ച് മടങ്ങ് എന്ന നിരക്ക് പത്ത് മടങ്ങായി വര്‍ധിപ്പിച്ചു. നഷ്ടപരിഹാരം നല്‍കുമ്പോല്‍ പുതിയ ന്യായവിലയുടെ പത്ത് മടങ്ങാണ് വിപണി വിലയായി കണക്കാക്കുക.
അതേസമയം പത്ത് സെന്റില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം അധികം നല്‍കാനും തീരുമാനമായി. വര്‍ധനവ് നഷ്ടപരിഹാര തുകയില്‍ 116 കോടിയുടെ അധിക ബധ്യതയുണ്ടാക്കും. വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ കുറഞ്ഞ നിരക്കുണ്ടായിരുന്ന നെല്ലിന്റെ കാര്യത്തിലും വര്‍ധനവുണ്ടാകും. ഭൂമിക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ 3761 രൂപ ഓരോ സെന്റ് നെല്‍വയില്‍ ഭൂമിക്കും അധിക നഷ്ടപരിഹാരമായി നല്‍കും.
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമരസമിതി പ്രതികരിച്ചു. അതേസമയം ജനവാസ മേഖലയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
