തൊടുപുഴയിൽ സ്കൂൾ, കോളേജ് കുട്ടികൾക്കിടയിൽ കഞ്ചാവ് വിറ്റിരുന്ന കൗമാര പ്രായക്കാരനെ പോലീസ് പിടികൂടി. കാടുപിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന അരകിലോയിധികം കഞ്ചാവും പോലീസ് കണ്ടെടുത്തു.

ജില്ലാ പോലീസ് സൂപ്രണ്ട് രൂപീകരിച്ചിട്ടുളള പ്രത്യേക പോലീസ് സംഘമായ ഹൈറേഞ്ച് സ്പൈഡേഴ്സ് സ്ക്വാഡാണ് തൊടുപുഴയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന ഉടുമ്പന്നൂർ സ്വദേശിയായ കൗമാരക്കാരനെ പിടികൂടിയത്. നഗരത്തിലെ സമാന്തര കോളേജിലെ ഒരു വിദ്യാർത്ഥിയെ കഞ്ചാവ് ഉപയോഗിച്ചതിന് രാവിലെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് വിൽപനക്കാരനായ കൗമാര പ്രായക്കാരനെക്കുറിച്ചുളള വിവരങ്ങൾ പോലീസിന് കിട്ടുന്നത്.

കോളേജിലെ മറ്റൊരു വിദ്യാർത്ഥി കൂടിയായ വിൽപനക്കാരനെ പിടികൂടി ചോദ്യം ചെയ്‍തപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമീപത്തെ കാടുപിടിച്ച പറമ്പിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതടക്കമുളള കാര്യങ്ങൾ സമ്മതിച്ചു. തുടർന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് വാഴച്ചുവട്ടിൽ പളാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കേസെടുത്ത് അനന്തര നടപടികൾ സ്വീകരിച്ച പോലീസ് വിൽപനക്കാരനായ വിദ്യാർത്ഥിക്ക് കഞ്ചാവ് കൈമാറിയിരുന്നവരെ കണ്ടെത്താനുളള നീക്കത്തിലാണ്.