കോഴിക്കോട്: സുഹൃത്തിന് നൽകാനുള്ള സമ്മാനപ്പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേക്ക് കൊടുത്ത് വിടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി ഷറഫുദ്ദീനാണ് പിടിയിലായത്.
ഗൾഫിലേക്ക് പോവുകയായിരുന്ന പയ്യോളി സ്വദേശിയുടെ കൈവശം സുഹൃത്തിന് കൊടുക്കാനുള്ള ജീൻസ് ആണെന്ന് പറഞ്ഞാണ് കഞ്ചാവ് അടങ്ങിയ പൊതി ഷറഫുദ്ദീൻ കൊടുത്തത്. ഇതിൽ സംശയം തോന്നിയ യുവാവ് പൊതി അഴിച്ച് നോക്കിയപ്പോൾ ആണ് പാന്‍റിന്‍റെ കീശയിൽ സിഗരറ്റ് പാക്കറ്റിനുള്ളൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഷറഫുദ്ദീൻ പിടിയിലായത്.
15 ഗ്രാം കഞ്ചാവ് ആണ് കടത്താൻ ശ്രമിച്ചത്. ഷറഫുദ്ദീൻ ഇതിനും മുമ്പും പലരേയും തെറ്റിദ്ദരിപ്പിച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്തിയുട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.
