സംസ്ഥാനത്ത് വന്‍ കഞ്ചാവുവേട്ട. തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് കഞ്ചാവുപിടിച്ചത്. ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് അതിർത്തി കടന്ന് വൻതോതിൽ കഞ്ചാവ് ഒഴുകാനുളള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതെതുടർന്ന് നടത്തിയ നീക്കത്തിലാണ് കഞ്ചാവ് വേട്ട. തിരുവനന്തപുരം വഴയിലക്ക് സമീപമുളള ഒരു കോഴിഫാമിനടുത്ത് വച്ചാണ് കഞ്ചാവുമായി ആണ്ടിസ്വാമിയെ പിടികൂടിയത്. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണിയാണിയാളെന്ന് പൊലീസ് സംശയിക്കുന്നു.
ഏഴ് പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത്. ഇത് ആർക്ക് വിതരണം ചെയ്യാനുളളതെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിനോട് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഇയാൾ ഇതിന് മുൻപ് പലതവണ കേരളത്തിൽ വന്നുപോയതായും പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോൺകോൾ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്ന് അറിയിച്ചു
ഇടുക്കിയിലെ രാജാക്കാട്ടും വന്‍ കഞ്ചാവ് വേട്ട. ആറരകിലോ കഞ്ചാവുമായി രണ്ടു തമിഴ്‌നാട് സ്വദേശികളെ രാജാക്കാട് പൊലീസ് പിടികൂടി. പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നുള്ള മൊത്ത വ്യാപാര സംഘത്തിലെ പ്രധാന കണ്ണികള്‍.
തമിഴ്‌നാട് കന്യാകുമാരി ആളൂർ സ്വദേശി സുഭാഷ്, തേനി സ്വദേശി ബാബു എന്നിവരെയാണ് രാജാക്കാട് പൊലീസ് കഞ്ചാവുമായി പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കോതമംഗലത്തേയ്ക്ക് കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരം ലഭിച്ച പൊലീസ് രാജാക്കാട് കലുങ്കുസിറ്റ് സമീപം വച്ച് ബസ്സില്‍ പരിശോധന നടത്തിയപ്പോളാണ് കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും.
തമിഴ്‌നാട്ടില്‍ നിന്നും ബോഡിമെട്ടു വഴി വന്‍തോതിൽ കേരളത്തിലേയ്ക്ക് കഞ്ച് എത്തുന്നതിന് തടയിടുന്നതിന് വേണ്ടി വാഹന പരിശോധന ശക്തമാക്കിയിരുന്നു. രാജാക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
