തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ച കേസിൽ നിര്‍ണ്ണായക വഴിത്തിരിവ്. പെൺകുട്ടിയുടെ പരാതി തള്ളി അമ്മ രംഗത്തെത്തി. പെൺകുട്ടിയെ സ്വാമി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതി കളവാണെന്നാണ് പൊലീസ് മേധാവിക്ക് അമ്മ നൽകിയ പരാതിയിൽ പറയുന്നത്.
പീഡനം ചെറുക്കാനാണ് സ്വാമി ഗംഗേശാനന്ദയുടെ ജനേന്ദ്രിയം മുറിച്ചതെന്ന പെൺകുട്ടിയുടെ പരാതി പൂർണ്ണമായും കുട്ടിയുടെ അമ്മ തള്ളുന്നു. പെൺകുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് അമ്മയുടെ നിലപാട്. പെൺകുട്ടിക്ക് ഒരാളുമായുണ്ടായിരുന്ന പ്രണയം സ്വാമി ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് സ്വാമിയോട് പെൺകുട്ടിക്ക് വൈരാഗ്യമുണ്ടായിരുന്നു, ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതി കളവാണെന്നും അമ്മ പറയുന്നു. സ്വാമി പെൺകുട്ടിയുടെ മുറിയിൽ പ്രവേശിച്ചിട്ടില്ല. വീട്ടിലെ ഹാളിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് സംഭവ ദിവസം സ്വാമിയെ കാണുന്നത്. മാനസിക വിഭ്രാന്തിയുള്ള മകൾ ദുർബല നിമിഷത്തിൽ ചെയ്ത പ്രവൃത്തിയെന്നാണ് അമ്മ സംഭവത്തെ വിവരിക്കുന്നത്.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് അമ്മയുടെ ആവശ്യം. നേരത്തെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ അമ്മ ചൂണ്ടിക്കാട്ടുന്നത്. സ്വാമിയെ തുണച്ച് രംഗത്തെത്തിയ ചില ഹൈന്ദവ സംഘടനാ നേതാക്കളുടെ വാദങ്ങളാണ് അമ്മ ഇപ്പോൾ ആവർത്തിക്കുന്നത്. കോടതി ആവശ്യപ്പെട്ടാൽ മാത്രമേ പെൺകുട്ടിക്കെതിരെ കേസെടുക്കു എന്നാണ് പൊലീസ് നിലപാട്. അമ്മയുടെ പരാതി പൊലീസ് മേധാവി ഐ.ജിക്ക് കൈമാറി. അമ്മയുടെ പരാതി കൂടി പരിഗണിച്ചായിരിക്കും ഇനി അന്വേഷണം. പെൺകുട്ടി ഇപ്പോൾ അമ്മാവന്റെ വീട്ടിലാണ് കഴിയുന്നത്.
