കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ മാഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. പയ്യന്നൂര്‍ തെക്കേ ബസാറിലാണ് ഗാന്ധിയുടെ അര്‍ധകായ പ്രതിമയുടെ തല മുറിച്ച് മാറ്റിയ നിലയില്‍ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പയ്യന്നൂര്‍ തെക്കേ ബസാറിലെ വിഠോഭ ക്ഷേത്രത്തിന് സമീപമുള്ള ഹിന്ദി വിദ്യാപീഠത്തിന്റെ വളപ്പിനുള്ളില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് തകര്‍ത്തത്.അടച്ചിട്ട ഗേറ്റ് ചാടിക്കടന്നാണ് കോമ്പൗണ്ടില്‍ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 1939ൽ ഗാന്ധിജിയുടെ നിർദേശ പ്രകാരം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളുടെ ഭാഗമായി ഹിന്ദി പ്രചാരണാർത്ഥം സ്ഥാപിച്ചതാണ് ഹിന്ദി വിദ്യാപീഠം. 2010ലാണ് പ്രതിമ സ്ഥാപിച്ചത്.

സ്ഥാപനത്തിന്റെ വളപ്പില്‍ അനധികൃതമായി പ്രവേശിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും പ്രാഥമികമായി പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.പ്രതിമ അംഗീകൃതമായി സ്ഥാപിച്ചതാണോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.