ഇടുക്കി: എല്ലപ്പെട്ടി എസ്റ്റേറ്റില്‍ ഒരുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗണേഷന്റെ (38) മ്യതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. ഇന്നലെ രാവിലെ മൂന്നാര്‍ സി.ഐ സാംജോസിന്റെ നേത്യത്വത്തില്‍ പോസീസ് സര്‍ജനാണ് മ്യതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ദേവികുളം തഹസില്‍ദ്ദാര്‍ വി.കെ ഷാജി ഇന്‍ക്വസ്റ്റ് തയ്യറാക്കി. ഒരു മണിക്കൂറോളം പോസ്റ്റ്മോര്‍ട്ടം നീണ്ടുനിന്നു. 

ഗണേഷന്റെ മ്യതദേഹം പുറത്തെടുക്കുന്നത് കാണുന്നതിനായി ഭാര്യ ഹേമലതയടക്കമുള്ള തൊഴിലാളികള്‍ സമീപങ്ങളിലുണ്ടായിരുന്നു. ഒരുമണിയോടെ കമ്പനി തൊഴിലാളികളെ ഉപയോഗിച്ച് ശവപ്പെട്ടി പുറത്തെടുത്തെങ്കിലും കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ഒരുവര്‍ഷം പിന്നിട്ടിട്ടും പെട്ടിക്ക് കേടുപാടുകള്‍ സംഭവിക്കാതിരുന്നത് അന്വേഷണ ഉദ്യാഗസ്ഥരെ അതിശയിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ഹേമലത പോലീസിനെ സമീപിച്ചതോടെ എസ്‌റ്റേറ്റില്‍ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. 

രാവിലെ മൂന്നാര്‍ സിഐയുടെ നേത്യത്വത്തില്‍ പോലീസ് സംഘം എസ്‌റ്റേറ്റിലെത്തിയെങ്കിലും കുഴിമാടം തോണ്ടുന്നതിനുപോലും തൊഴിലാളികള്‍ വിസമ്മതിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവര്‍ കുഴിമാടം തോണ്ടാന്‍ ആരംഭിച്ചത്. ഹേമലതയ്ക്ക് മൂന്നുപെണ്‍കുട്ടികളാണുള്ളത്. ഇതില്‍ രണ്ടുപേരും ബുന്ധിമാന്ദ്യം പിടിപെട്ട് കമ്പനിയുടെ ഡെയര്‍ സ്‌കൂളിലാണ് പഠിക്കുന്നത്. തോട്ടങ്ങളില്‍ ബന്ധുക്കളുണ്ടെങ്കിലും ആരും സഹായിക്കാന്‍ തയ്യറാകുന്നില്ല. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് പരാതികള്‍ നല്‍കിയതോടെ ബന്ധുക്കളെല്ലാം ശത്രുക്കളായെന്ന് ഇവര്‍ പറയുന്നു.

2016 ഡിസംബര്‍ ആറിനാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ ഗണേഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഒന്‍പതിന് ഫാക്ടറിലേക്ക് ജോലിക്കുപോയ ഗണേഷനെ പുലര്‍ച്ചെ പുല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവാര്‍ത്ത ഭാര്യ ഹേമലത അറിയുന്നത് പുലര്‍ച്ചെ മൂന്നിനാണ്. വീട്ടില്‍ നിന്നും എത്തിയ ഹേമലത കടുത്ത തണുപ്പിലും ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് എസ്റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.

മ്യതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും എസ്‌റ്റേറ്റിലെ ചിലര്‍ പണചിലവ് അധികമാകുമെന്ന് പറഞ്ഞ് ഹേമലതയെ പിന്‍തിരിപ്പിച്ചു. മ്യതദേഹം കുഴിച്ചിടുന്നതിന് പകരം ദഹിപ്പിക്കുവാന്‍ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന ചിലര്‍ വാശിപിടിച്ചെങ്കിലും ഭാര്യ സമ്മതിക്കാതെവന്നതോടെ എസ്‌റ്റേറ്റ് സമീപത്തെ ചുടുകാട്ടില്‍ കുഴിച്ചിട്ടു. എന്നാല്‍ രാത്രിയില്‍ ജോലിക്കുപോയ ഗണേഷന്‍ രാത്രി പതിനൊന്നിന് വീട്ടിലേക്കുമടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞതും, മ്യതദേഹം ദഹിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധം പ്രകടപ്പിച്ചതുമാണ് ഭാര്യയെ സംശയത്തിലാക്കിയത്.