ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷാഹര്‍ ജില്ലയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ചു. മൂന്ന് പേരടങ്ങുന്ന സംഘത്തിലെ രണ്ട് പേരെ മീററ്റ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി അതിക്രൂരമായി പീഡിപ്പിച്ച് കൊന്നത് തമാശയ്ക്ക് വേണ്ടിയാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ബുലന്ദ്ഷാഹറിലെ സിക്കന്ദരാബാദ് സ്വദേശികളായ സുല്‍ഫിക്കര്‍ അബ്ബാസി, ദില്‍ഷാദ് എന്നിവരാണ് പിടിയിലായവര്‍. സംഘത്തിലെ മൂന്നാമന്‍ ഇസ്രായല്‍ ബലാത്സംഗം നടന്ന ദിവസം മുതല്‍ ഒളിവിലാണ്. 

ജനുവരി 2 ന് സിനിമ കണ്ട്, മദ്യപിച്ച് ലക്കുകെട്ട് തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴാണ് പ്രതികള്‍ പെണ്‍കുട്ടിയെ കാണുന്നത്. പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഒരു തമാശയ്ക്ക് വേണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഇവരുടെ കുറ്റസമ്മതം. 

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് ദേശീയ പാതയില്‍നിന്ന് കാറിലേക്ക് ബലമായി പിടിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നു. കാറിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം മൂവരും ചേര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ ബില്‍ അക്ബര്‍പൂരിലെ കനാലില്‍ തള്ളി. 

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കാമുകനൊപ്പം ഒളിച്ചോടിയതാകുമെന്ന് പറഞ്ഞ് പൊലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. 

സംഭവം നടന്നതിന് സമീപമുള്ള കാര്‍ ഷോറൂമിലെ സിസിടിവി ക്യാമറയില്‍് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ വ്യക്തമായ കാറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുവരും ഇപ്പോള്‍ മീററ്റ് പൊലീസ് കസ്റ്റഡിയിലാണ്. ഇസ്രായലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.