ചെന്നൈ: കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാത്തലവനെ എതിര്‍ ഗ്രൂപ്പിലെ ഗുണ്ടകള്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചെന്നൈയിലെ ജോര്‍ജ് ടൗണ്‍ കോടതിക്ക് സമീപം ബുധനാഴ്ചയാണ് സംഭവം. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകം അറിയുന്നത്.
ഗുണ്ടാത്തലവനായ വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരില്‍ കൊലപാതകത്തിനടക്കം എട്ട് കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ഹാജരാകാനാണ് വിജയ് കോടതിയിലെത്തിയത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണെന്ന് അറിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയതായിരുന്നു വിജയ്. ഈ സമയത്താണ് അക്രമികള്‍ മാരകായുധങ്ങളുമായി എത്തി വിജയ്യെ വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
