ബെംഗളൂരു: സത്യസന്ധമായി നികുതി റിട്ടേൺ സമർപ്പിച്ച് ജയിലിലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു നിർമാണ തൊഴിലാളി. സത്യസന്ധത കുറച്ചുകൂടിപ്പോയതാണ് രാച്ചപ്പ രംഗയെ കുടുക്കിയത്. കിട്ടുന്ന പണത്തിന് നികുതി ഒടുക്കണം. അത് കൃത്യമായി ചെയ്ത് രാച്ചപ്പ നാൽപ്പത് ലക്ഷം വാർഷിക വരുമാനം കാണിച്ച് നികുതി റിട്ടേൺ സമർപ്പിച്ചു. വരുമാന സ്രോതസ്സ് മാത്രം വെളിപ്പെടുത്തിയില്ല. ആദായനികുതി വകുപ്പിന് സംശയമായി. അവർ വിവരങ്ങൾ പൊലീസിനെ അറിയിച്ചു.
നിർമാണത്തൊഴിലാളി ആയിരുന്നു രാച്ചപ്പ. അന്വേഷിച്ചുചെന്നപ്പോൾ പൊലീസ് കണ്ടത് കനകപുര റോഡിൽ രാച്ചപ്പയുടെ ആഢംബര വീട്. മാസവാടക നാൽപ്പതിനായിരം. ലക്ഷങ്ങളുടെ ആഢംബര കാറും സ്വന്തം. ഉറവിടം വേറെയാണെന്ന് ഉറപ്പിച്ച പൊലീസിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല.
കോടികളുടെ കഞ്ചാവ് വിൽപ്പനയാണ് രാച്ചപ്പയുടെ തൊഴിലെന്ന് തെളിഞ്ഞു. ഇടപാടുകൾ നിരീക്ഷിച്ച് തെളിവുസഹിതം നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് രാച്ചപ്പയെ പൊക്കി. 26 കിലോ കഞ്ചാവും അഞ്ച് ലക്ഷം രൂപയും പിടിച്ചെടുത്തു. കോളേജുകളായിരുന്നു പ്രധാന വിൽപ്പന കേന്ദ്രമെന്ന് രാച്ചപ്പ പറഞ്ഞു.
ഹാസനിലെ സ്വന്തം ഗ്രാമത്തിലും കോടികളുടെ സ്വത്തുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. കച്ചവടം നിയമവിരുദ്ധമെങ്കിലും നിയമപ്രകാരം നികുതിയൊടുക്കാൻ തോന്നിയ നിമിഷത്തെ രാച്ചപ്പ മറക്കില്ലെന്നുറപ്പ്.
